അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.എൽ ഫൈനലിന് മഴ ഭീഷണി. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം. ഞായറാഴ്ച രാത്രി കാറ്റും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നിലവിൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് ചുറ്റും മഴമേഘങ്ങൾ മൂടിക്കിടക്കുകയാണ്. വൈകീട്ട് രണ്ട് മണിക്കൂറിലേറെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയർ അഹമ്മദാബാദിലായിരുന്നു. അന്ന് മഴ കാരണം കളി വൈകിയിരുന്നു. ടോസ് 45 മിനിറ്റോളം വൈകിയപ്പോൾ 7.30ന് തുടങ്ങേണ്ട കളി തുടങ്ങിയത് എട്ട് മണിക്കായിരുന്നു. മഴ പെയ്താൽ ബാറ്റർമാരെ പിന്തുണക്കുന്ന പിച്ചിന്റെ സ്വഭാവവും മാറും. മത്സരത്തിന് മുമ്പ് മഴയെത്തിയാൽ ആദ്യ ഓവറിലെ ബാറ്റിങ് ബുദ്ധിമുട്ടാകും.
മഴ കളി തടസ്സപ്പെടുത്തിയാൽ അഞ്ച് ഓവർ വീതമുള്ള മത്സരത്തിനുള്ള സാധ്യതക്കായി കാത്തിരിക്കും. ഇതിനായി അർധരാത്രി 12.26 വരെ കാത്തിരിക്കും. ഈ സമയം കഴിഞ്ഞും മത്സരത്തിന് സാധ്യതയില്ലെങ്കിൽ ഫൈനൽ റിസർവ് ഡേയായി തിങ്കളാഴ്ച അധികദിനം നിശ്ചയിച്ചിട്ടുണ്ട്. നാളെ പതിവുപോലെ കളി നടക്കുകയാണ് ചെയ്യുക. ഇന്ന് ടോസ് മാത്രമാണ് നടക്കുന്നതെങ്കിൽ നാളെ പുതിയ ടോസിട്ടായിരിക്കും കളി തുടങ്ങുക. അതേസമയം, ഇന്ന് കളി ആരംഭിച്ച് ഇടക്കാണ് മഴ തടസ്സപ്പെടുത്തുന്നതെങ്കിൽ ഇന്ന് നിർത്തിയിടത്തുനിന്നാകും നാളെ കളി പുനരാരംഭിക്കുക. എന്നാൽ, തിങ്കളാഴ്ചയും മഴക്ക് ശമനമില്ലെങ്കിൽ സൂപ്പർ ഓവറിനായി കാത്തിരിക്കും. പുലർച്ചെ 1.20 വരെ ഇതിനായി കാത്തിരിപ്പ് തുടരും. സൂപ്പർ ഓവറും സാധ്യമായില്ലെങ്കിൽ പോയന്റ് ടേബിളിൽ ഒന്നാമന്മാരായ ഗുജറാത്തിനെ വിജയികളായി പ്രഖ്യാപിക്കും.
നാലുതവണ ഐ.പി.എൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിന് ഇത്തവണ ജയിച്ചാൽ കിരീടനേട്ടത്തിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്താനാകും. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ തോൽപിച്ച് കിരീടം നേടിയ ഗുജറാത്ത് തുടർച്ചയായ രണ്ടാം വിജയമാണ് ലക്ഷ്യമിടുന്നത്. സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നതാണ് ഗുജറാത്തിന്റെ ആത്മവിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.