മുംബൈ: ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും. 15 അംഗ താൽക്കാലിക സ്ക്വാഡുകളെ പ്രഖ്യാപിക്കാനുള്ള സമയപരിധി സെപ്റ്റംബർ അഞ്ചാണ്. അതിന് രണ്ടുദിവസം മുൻപ് ടീം പ്രഖ്യാപിക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പിലെ ആദ്യ പോരാട്ടം കഴിഞ്ഞ് അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കാനാണ് തീരുമാനം. അഹമ്മദാബാദിൽ ലോകകപ്പ് ആരംഭിക്കുന്നതിന് ഏഴു ദിവസം മുമ്പ്, അതായത് സെപ്റ്റംബർ 28-നകം ഇന്ത്യക്ക് ടീമിൽ മാറ്റങ്ങൾ വരുത്താനാകും. ഏഷ്യാ കപ്പിന് ശേഷം സെപ്റ്റംബർ 21 മുതൽ 27 വരെ ആസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമുണ്ട്.
ബുധനാഴ്ച ആരംഭിക്കുന്ന ഏഷ്യകപ്പിനായി 17 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറെക്കുറെ ഈ ടീമിനെ തന്നെ നിലനിർത്താനായിരിക്കും ചീഫ് സെലക്ടർ അജിത് അഗാർക്കർ ശ്രമിക്കുക.
കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ അടക്കമുള്ള താരങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നത് കൊണ്ട് റിസർവ് താരങ്ങളെ കൂടി ഉൾപ്പെടുത്തിയ ടീമിനെയായിരിക്കും പ്രഖ്യാപിക്കുക. കെ.എൽ രാഹുലിന് ബദൽ എന്ന നിലയിലാണ് ഏഷ്യാകപ്പിൽ മലയാളി താരം സഞ്ജു സാംസണെ ടീമിൽ ട്രാവലിംഗ് റിസർവ് താരമായി ഉൾപ്പെടുത്തിയത്. ലോകകപ്പിലും സഞ്ജു റിസർവ് താരമായി ഉണ്ടാകുമെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.