മുംബൈ: ഐ.പി.എല്ലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ആദ്യ തോൽവി. സൺറൈസേഴ്സ് ഹൈദരാബാദ് ആണ് എട്ട് വിക്കറ്റിന് തകർത്ത്. ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ മറികടന്നു. നായകൻ കെയ്ൻ വില്യംസൺ (57), അഭിഷേക് ശർമ (42) എന്നിവരുടെ ബാറ്റിങ് മികവാണ് ഹൈദരാബാദിനെ സഹായിച്ചത്. നിക്കോളാസ് പുരാൻ (34*), രാഹുൽ ത്രിപാതി (17), ഐദൻ മക്രം (12) എന്നിവരും മികച്ച പിന്തുണയേകി.
ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 42 പന്തിൽ പുറത്താവാതെ 50 റൺസടിച്ച നായകൻ ഹർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ്സ്കോറർ. 21 പന്തിൽ 35 റൺസെടുത്ത അഭിനവ് മനോഹർ പിന്തുണ നൽകി. മാത്യു വെയ്ഡ് (19), ഡേവിഡ് മില്ലർ (12), സായ് സുദർശൻ (11), ശുഭ്മൻ ഗിൽ (7), രാഹുൽ തെവാത്തിയ (6) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ.
ഇടക്കിടെ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്ന ഗുജറാത്തിനായി അഞ്ചാം വിക്കറ്റിൽ 32 പന്തിൽ 50 റൺസ് ചേർത്ത ഹർദികും മനോഹറുമാണ് സ്കോർ 150 കടത്തിയത്. ഒരു സിക്സും നാലു ഫോറുമടങ്ങിയതായിരുന്നു ഹർദികിന്റെ ഇന്നിങ്സ്.
ഒരു സിക്സും അഞ്ചു ഫോറും പായിച്ച മനോഹറിന് മൂന്നു വട്ടമാണ് ഹൈദരാബാദ് ഫീൽഡർമാർ ജീവൻ നൽകിയത്. എയ്ഡൻ മാർക്രമും രാഹുൽ ത്രിപതിയും അനായാസ ക്യാച്ചുകൾ കൈവിട്ടപ്പോൾ ഭുവനേശ്വർ സ്വന്തം ബൗളിങ്ങിൽ പ്രയാസമേറിയ അവസരവും പാഴാക്കി.
ഒടുവിൽ ത്രിപതി തന്നെയാണ് മികച്ച ക്യാച്ചിലൂടെ മനോഹറിനെ മടക്കിയത്. നേരത്തേ, ഗില്ലിനെ പുറത്താക്കാൻ ത്രിപതി ഒറ്റക്കൈ കൊണ്ടെടുത്ത ക്യാച്ചും മനോഹരമായിരുന്നു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ടി. നടരാജനും ഭുവനേശ്വർ കുമാറുമാണ് ഹൈദരാബാദ് ബൗളർമാരിൽ തിളങ്ങിയത്. മാർകോ ജാൻസെനും ഉംറാൻ മാലികും ഓരോ വിക്കറ്റ് വീതമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.