മുംബൈ: പ്രഥമ വനിത പ്രീമിയർ ലീഗിന്റെ (ഡബ്ല്യു.പി.എൽ) താരലേലത്തിൽ വൻ തുകക്ക് വിറ്റുപോയി താരങ്ങൾ. ഇന്ത്യൻ ഓപണർ സ്മൃതി മന്ദാനക്കാണ് ഏറ്റവും വലിയ തുക ലഭിച്ചത്. 3.40 കോടി രൂപക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഇടങ്കയ്യൻ ബാറ്ററെ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ നതാലി സ്കൈവറും ആസ്ട്രേലിയയുടെ ആഷ്ലി ഗാർഡ്നറുമാണ് അടുത്ത സ്ഥാനത്ത്. ഇരുവർക്കും ലഭിച്ചത് 3.20 കോടി രൂപ. ഗാർഡ്നറിനെ ഗുജറാത്ത് ജയന്റ്സും സ്കൈവറെ മുംബൈ ഇന്ത്യൻസുമാണ് ടീമിലെത്തിച്ചത്.
ഓൾറൗണ്ടർ ദീപ്തി ശർമയാണ് കൂടുതൽ വില ലഭിച്ച രണ്ടാമത്തെ ഇന്ത്യൻ താരം. 2.60 കോടിക്ക് ദീപ്തിയെ യു.പി വാരിയേഴ്സ് അണിയിലെത്തിച്ചു. കഴിഞ്ഞദിവസം ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ജമീമ റോഡ്രിഗ്വസിനും നല്ല വില കിട്ടി. 2.20 കോടിക്ക് ഡൽഹി കാപിറ്റൽസ് ആണ് ജമീമയെ സ്വന്തമാക്കിയത്. വെടിക്കെട്ട് ഓപണർ ഷെഫാലി വർമയെ രണ്ടു കോടിക്ക് ഡൽഹി കാപിറ്റൽസ് ടീമിലെത്തിച്ചു. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിനും ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിങ്ങിനും പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയേ ലഭിച്ചുള്ളൂ.
വെടിക്കെട്ട് ബാറ്ററായ ഹർമൻപ്രീതിനെ 1.80 കോടിക്ക് മുംബൈ വാങ്ങിയപ്പോൾ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളെന്ന് വിലയിരുത്തപ്പെടുന്ന ലാനിങ്ങിനെ 1.10 കോടിക്ക് ഡൽഹി സ്വന്തമാക്കി. ആസ്ട്രേലിയക്കാരായ ബാറ്റർ ബെത്ത് മൂണിയെ രണ്ടു കോടിക്ക് ഗുജറാത്ത് ജയന്റ്സും ഓൾറൗണ്ടർ എല്ലിസ് പെറിയെ 1.70 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ബൗളർ തഹ്‍ലിയ മഗ്രാത്തിനെ 1.4 കോടിക്ക് യു.പി വാരിയേഴ്സും ഇംഗ്ലണ്ട് ബൗളർ സോഫി എക്ലസ്റ്റോണിനെ 1.80 കോടിക്ക് യു.പി വാരിയേഴ്സും സ്വന്തമാക്കി.
ഇന്ത്യക്കാരായ പൂജ വസ്ത്രാക്കറും റിച്ച ഘോഷും 1.90 കോടി വീതം കരസ്ഥമാക്കി. പൂജയെ മുംബൈയും റിച്ചയെ ബംഗളൂരുവുമാണ് ടീമിലെത്തിച്ചത്. യസ്തിക ഭാട്യയെ 1.50 കോടിക്ക് മുംബൈ കരസ്ഥമാക്കി.
സ്മൃതി മന്ദാന 3.40 കോടി ബംഗളൂരു
ആഷ്ലി ഗാർഡ്നർ 3.20 കോടി ഗുജറാത്ത്
നതാലി സ്കൈവർ 3.20 കോടി മുംബൈ
ദീപ്തി ശർമ 2.60 കോടി യു.പി
ജമീമ റോഡ്രിഗ്വസ് 2.20 കോടി ഡൽഹി
ബെത്ത് മൂണി 2 കോടി ഗുജറാത്ത്
ഷെഫാലി വർമ 2 കോടി ഡൽഹി
റിച്ച ഘോഷ് 1.90 കോടി ബംഗളൂരു
പൂജ വസ്ത്രാകർ 1.90 കോടി മുംബൈ
ഹർമൻപ്രീത് കൗർ 1.80 കോടി മുംബൈ
എല്ലിസ് പെറി 1.70 കോടി ബംഗളൂരു
രേണുക സിങ് 1.50 കോടി ബംഗളൂരു
യസ്തിക ഭാട്യ 1.50 കോടി മുംബൈ
മറിസാൻ കാപ് 1.50 കോടി ഡൽഹി
ദേവിക വൈദ്യ 1.40 കോടി യു.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.