ദുബൈ: വനിത ട്വന്‍റി20 ലോകകപ്പിൽ കന്നിക്കിരീടം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ വനിതകൾ തോറ്റത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കീവീസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 19 ഓവറിൽ 102 റൺസിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോസ്മേരി മെയ്‌റാണ് ഇന്ത്യയെ തകർത്തത്. 14 പന്തിൽ 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
അഞ്ചു താരങ്ങൾക്ക് രണ്ടക്കം കാണാനായില്ല. സ്മൃതി മന്ഥാന (13 പന്തിൽ 12), ഷഫാലി വർമ (നാലു പന്തിൽ രണ്ട്), ജമീമ റോഡ്രിഗസ് (11 പന്തിൽ 13), റിച്ച ഘോഷ് (19 പന്തിൽ 12), ദീപ്തി ശർമ (18 പന്തിൽ 13), അരുന്ധതി റെഡ്ഡി (നാലു പന്തിൽ ഒന്ന്), പൂജ വസ്ത്രകാർ (ഏഴു പന്തിൽ എട്ട്), ശ്രേയങ്ക പാട്ടീൽ (13 പന്തിൽ ഏഴ്), രേണുക സിങ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആറു റണ്ണുമായി ആശ ശോഭന പുറത്താകാതെ നിന്നു.
കീവീസിനായി ലീ തഹൂഹു നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്നും ഈഡൻ കേഴ്സൻ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടും അമേലിയ കർ ഒരു വിക്കറ്റും നേടി. നേരത്തെ, ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡെവിന്‍റെ അപരാജിത അർധ സെഞ്ച്വറിയാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 36 പന്തിൽ ഏഴു ബൗണ്ടറിയടക്കം താരം 57 റൺസെടുത്തു. ആദ്യമായി ട്വന്‍റി20 ലോകകപ്പ് കളിക്കുന്ന മലയാളി ലെഗ് സ്പിന്നർ ആശ ശോഭന വിക്കറ്റെടുത്തു. ഓപ്പണർ ജോർജിയ പ്ലിമ്മെറിനെയാണ് താരം പുറത്താക്കിയത്. 23 പന്തിൽ 34 റൺസെടുത്ത പ്ലിമ്മറിനെ സ്മൃതി മന്ദാനയുടെ കൈകളിലെത്തിച്ചു. സൂസി ബേറ്റ്സും പ്ലിമ്മറും മികച്ച തുടക്കമാണ് കീവീസിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 7.4 ഓവറിൽ 67 റൺസാണ് അടിച്ചുകൂട്ടിയത്.
എട്ടാം ഓവറിൽ അരുന്ധതി റെഡ്ഡിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. 24 പന്തിൽ 27 റൺസെടുത്ത സൂസി അരുന്ധതിയുടെ പന്തിൽ ശ്രേയങ്ക പാട്ടീലിന് ക്യാച്ച് നൽകിയാണ് പുറത്തായത്. തൊട്ടടുത്ത ഓവറിലാണ് ആശ പ്ലിമ്മറിനെ മടക്കിയത്. ഇതിനിടെ ദീപ്തി ശർമ എറിഞ്ഞ 14ാം ഓവറിൽ നാടകീയ രംഗങ്ങളും അരങ്ങേറി. ദീപ്തിയുടെ പന്ത് അമേലിയ കർ ലോങ് ഓഫിലേക്ക് അടിച്ച് സിംഗ്ൾ ഓടിയെടുത്തു. ഹർമൻപ്രീത് കൗർ പന്ത് ഓടിയെടുത്തെങ്കിലും എറിയാതെ കൈയിൽ പിടിച്ച് ബൗളറുടെ അടുത്തേക്ക് നടക്കുന്നതിനിടെ ന്യൂസിലൻഡ് താരങ്ങൾ വീണ്ടും റണ്ണിനായി ഓടി. ഇത് ശ്രദ്ധയിൽപെട്ട താരം പന്ത് സ്ട്രൈക്കേഴ്സ് എൻഡിലേക്ക് എറിഞ്ഞ് കെറിനെ റണ്ണൗട്ടാക്കി. എന്നാൽ, പന്ത് ഡെഡ്ഡായെന്ന് പറഞ്ഞ് അമ്പയർ ഔട്ട് നൽകിയില്ല. ഹർമൻപ്രീതും സഹതാരങ്ങളും ഏറെനേരം അമ്പയറിനോട് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്പയർ തീരുമാനത്തിൽ ഉറച്ചുനിന്നു.
അധികം വൈകാതെ 22 പന്തിൽ 13 റൺസെടുത്ത അമേലിയ കെർ പൂജ വസ്ത്രകർക്ക് ക്യാച്ച് നൽകി മടങ്ങി. 12 പന്തിൽ 16 റൺസെടുത്ത ബ്രൂക് ഹാലിഡേയാണ് പുറത്തായ മറ്റൊരു താരം. അഞ്ചു റൺസുമായി മാഡി ഗ്രീൻ പുറത്താകാതെ നിന്നു. ഇന്ത്യക്കായി രേണുക സിങ് രണ്ടു വിക്കറ്റെടുത്തു. അരുന്ധതി റെഡ്ഡി, ആശ ശോഭന എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ആശ ശോഭന പ്ലെയിങ് ഇലവനിൽ ഇടംനേടിയപ്പോൾ മറ്റൊരു മലയാളി താരം സജന സജീവന് ആദ്യ പതിനൊന്നിൽ ഇടംകിട്ടിയില്ല. ചാമ്പ്യന്മാരായ ആസ്ട്രേലിയ, പാകിസ്താൻ, ശ്രീലങ്ക എന്നിവർകൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.