ദുബൈ: വനിത ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ വിമർശനവുമായി മുൻ ക്യാപ്റ്റൻ മിഥാലി രാജ്. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ഒരു പുരോഗതിയുമില്ലാത്ത ടീമാണിതെന്ന് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
ആസ്ട്രേലിയക്കെതിരെ ജയിക്കാമായിരുന്ന മത്സരമാണ് കൈവിട്ടത്. മറ്റു ടീമുകളെല്ലാം വളർച്ച കൈവരിച്ചപ്പോൾ ഇന്ത്യ അതേ നിലയിൽത്തന്നെയാണ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ മാറ്റണോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സാഹചര്യമുണ്ടായാൽ യുവമുഖങ്ങളെ പരിഗണിക്കണമെന്ന് മിഥാലി നിർദേശിച്ചു. ജെമീമ റോഡ്രിഗസിന്റെ പേരിനാണ് താൻ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഗ്രൂപ് എയിൽ മൂന്നാംസ്ഥാനക്കാരായാണ് ഇന്ത്യയുടെ മടക്കം. നിർണായക കളിയിൽ ആസ്ട്രേലിയയോട് തോറ്റ ടീം ന്യൂസിലൻഡ്-പാകിസ്താൻ മത്സര ഫലം കാത്തിരുന്നെങ്കിലും കാര്യമുണ്ടായില്ല. പാകിസ്താനെ തകർത്ത് ന്യൂസിലൻഡ് സെമിയിലെത്തി. ആസ്ട്രേലിയക്ക് എട്ടും കിവികൾക്ക് ആറും ഇന്ത്യക്ക് നാലും പാക് വനിതകൾക്ക് രണ്ടും പോയന്റാണ് ലഭിച്ചത്. ഹർമൻ ക്യാപ്റ്റനായ ശേഷം ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനവുമാണിത്. ഇതുവരെ ട്വന്റി20 ലോകകിരീടം നേടാൻ ഇന്ത്യൻ വനിതകൾക്കായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.