മുംബൈ: ഇബ്രാഹിം സദ്രാന്റെ സെഞ്ച്വറി കരുത്തിൽ ആസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്താന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് അഫ്ഗാൻ അടിച്ചുകൂട്ടിയത്. 143 പന്തിൽ 129 റൺസെടുത്ത സദ്രാൻ പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
38 റൺസിന് അഫ്ഗാനിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുർബാസാണ് പുറത്തായത്. പിന്നീടെത്തിയ അഫ്ഗാൻ ബാറ്റർമാർക്കൊന്നും കാര്യമായ റോളുണ്ടായിരുന്നില്ല. ഒരറ്റത്ത് സദ്രാൻ വൻമതിൽ പോലെ ഉറച്ചു നിന്നതോടെ മികച്ച സ്കോറിലേക്ക് അഫ്ഗാൻ മുന്നേറുകയായിരുന്നു . സദ്രാൻ കഴിഞ്ഞാൽ 35 റൺസെടുത്ത റാഷിദ് ഖാനാണ് അവർക്കായി മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. റഹ്മത് ഷാ 30 റൺസെടുത്ത് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ട്രാവിസ് ഹെഡാണ് പുറത്തായത്. ഇന്ന് അഫ്ഗാനെ വീഴ്ത്താനായാൽ കങ്കാരുപ്പടക്ക് ബംഗ്ലാദേശിനെതിരായ കളി ബാക്കിയിരിക്കെതന്നെ അവസാന നാലിൽ സ്ഥാനമുറപ്പിക്കാം. 10 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഓസീസ്. എട്ടു പോയന്റുമായി അഞ്ചാം സ്ഥാനത്തു നിൽക്കുന്ന അഫ്ഗാന് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമാണ്.
ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾക്കെതിരെ തോറ്റ അഫ്ഗാൻ ഇംഗ്ലണ്ടിനെയും പാകിസ്താനെയും ശ്രീലങ്കയെയും തകർക്കുകയും നെതർലൻഡ്സിനെ അനായാസം മറികടക്കുകയും ചെയ്തു. അവസാന കളിയിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.
ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരാജയങ്ങളോടെ തുടങ്ങിയ പാറ്റ് കമ്മിൻസിനും കൂട്ടർക്കും പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ശ്രീലങ്ക, പാകിസ്താൻ, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവരെ തോൽപിച്ച് മൂന്നാം സ്ഥാനത്തേക്കു കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.