മകന്‍റെ സ്വപ്നസമാന നേട്ടം; പ്രാർഥനയുമായി യശസ്വിയുടെ പിതാവ് ഹരിദ്വാറിൽ; ഇരട്ട സെഞ്ച്വറി തികക്കുമെന്ന പ്രതീക്ഷയിൽ

ഏതൊരാളും കൊതിക്കുന്ന, സ്വപ്നസമാനമായ നേട്ടത്തോടെയാണ് യുവതാരം യശസ്വി ജയ്സ്വാൾ രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചത്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തന്നെ സെഞ്ച്വറി നേടി (143 നോട്ടൗട്ട്) ഇരുപത്തിയൊന്നുകാരൻ ക്രിസീലുണ്ട്. അരങ്ങേറ്റ മത്സരത്തിലെ സമ്മർദങ്ങളൊന്നും താരത്തിനില്ലായിരുന്നു.

കരീബിയൻ ബൗളർമാരുടെ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച്, ശ്രദ്ധയോടെ ബാറ്റേന്തുന്ന താരത്തിന് കൂട്ടായി സൂപ്പർതാരം വിരാട് കോഹ്ലിയാണ് (96 പന്തിൽ 36 റൺസ്) ക്രീസിൽ. ഏതൊരാളുടെയും വിജയത്തിനു പിറകിലും ഒരാളുണ്ടാകും എന്നുപറയുന്നതുപോലെ, ‍യശസ്വിയുടെ പിന്നിലെ ശക്തി പിതാവ് ഭൂപേന്ദ്ര ജയ്സ്വാളിന്‍റെ പിന്തുണയും പ്രാർഥനയുമാണ്.

മകൻ അരങ്ങേറ്റ മത്സരത്തിൽതന്നെ സ്വപ്നസമാന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പിതാവ് പോയത് ഹരിദ്വാറിലെ കൻവാർ തീർഥാടന യാത്രയിൽ പങ്കെടുക്കാനാണ്. നേട്ടത്തിൽ ദൈവത്തോട് നന്ദി പറഞ്ഞ പിതാവ്, മകൻ ഇരട്ട സെഞ്ച്വറി തികക്കുമെന്ന പ്രതീക്ഷയിലാണ്. ടെസ്റ്റിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന 17-ാമത് ഇന്ത്യൻ ബാറ്റ്സ്മാനെന്ന ബഹുമതി യശസ്വി സ്വന്തമാക്കുകയും ചെയ്തു.

രാജ്യത്തിന് പുറത്ത് അരങ്ങേറ്റത്തിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏഴാമത് ഇന്ത്യൻ താരവും. ഓപണറായിറങ്ങിയ യശസ്വി രണ്ടാം ദിനം ഇന്നിങ്സ് പുനരാരംഭിച്ചശേഷം 215 പന്തിൽ 11 ബൗണ്ടറിയടക്കമാണ് ശതകം കുറിച്ചത്. ജാഗ്രതയോടെ നിലയുറപ്പിച്ച താരം മോശം പന്തുകൾ തെരഞ്ഞെടുത്ത് ശിക്ഷിച്ചാണ് സ്കോറിങ്ങിന് ആക്കംകൂട്ടിയത്.

Tags:    
News Summary - Yashasvi Jaiswal's Father Bhupendra Offers Prayers At Kanwar Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-01 01:49 GMT