ന്യൂഡൽഹി: കഴിഞ്ഞ വർഷം ജൂണിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഒാൾറൗണ്ടർമാരിലൊരാളായ യുവ്രാജ് സിങ് കളി മതിയാക്കിയത്. ഇന്ത്യൻ ടീമിന് വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്സുകൾ കളിച്ച താരത്തിെൻറ കരിയറിലെ അവസാന നാളുകൾ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല കടന്നുപോയിരുന്നത്. ടീമംഗങ്ങളുടേയും ആരാധകരുടേയും ഹർഷാരവങ്ങളോടെ ബാറ്റുയർത്തി വിരമിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചില്ല.
എന്നാൽ ശരിയായ സമയത്താണ് യുവ്രാജിനെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് മുൻ സെലക്ടർ റോജർ ബിന്നിയുടെ അഭിപ്രായം. സെലക്ടർമാർ ആ സമയത്ത് യുവ പ്രതിഭകളെ തെരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചതെന്നും അദ്ദേഹം സ്പോർട്സ്കീഡക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുറച്ചുകാലം കൂടി കളിക്കാം എന്ന ചിന്തയിലായിരുന്നു യുവി. എന്നാൽ തെൻറ കരിയർ അത്തരത്തിൽ അവസാനിച്ചതിൽ യുവിക്ക് സെലക്ടർമാരെ പഴിക്കാൻ സാധിക്കില്ല.
പ്രതിഭാശാലിയായ ക്രിക്കറ്ററാണ് യുവ്രാജ്. അതിൽ ആർക്കും മറ്റൊരു അഭിപ്രായമുണ്ടാകില്ല. തെൻറ കരിയറിലെ നല്ല കാലത്ത് ഏറ്റവും നന്നായി ഷോട്ടുകൾ പായിച്ച താരമാണ് അദ്ദേഹം. കരിയർ ഗ്രാഫും മികച്ചതാണ്. എന്നാൽ ഇന്ത്യൻ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയത് ഉചിതമായ സമയത്ത് തന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ സമയത്ത് യുവിയുടെ ഫോമും ഫിറ്റ്നസും അത്തരത്തിലുള്ളതായിരുന്നു. ടീമിൽ പകരക്കാരനായി നല്ലൊരു യുവതാരം വരികയും ചെയ്തിരുന്നുവെന്ന് ബിന്നി പറഞ്ഞു.
കരിയറിെൻറ അവസാന കാലത്ത് ബി.സി.സി.െഎ തന്നോട് സ്വീകരിച്ച സമീപനം മോശമായിരുന്നുവെന്ന് യുവി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സഹീർ ഖാൻ, ഹർഭജൻ സിങ്, വീരേന്ദർ സെവാഗ് തുടങ്ങിയ താരങ്ങളോടും അനീതി കാട്ടിയെന്ന് താരം ആരോപിച്ചിരുന്നു. അതിനോടുള്ള മറുപടിയെന്നോണമാണ് ബിന്നിയുടെ പ്രതികരണം.
2012ൽ ഏകദിന ടീമിൽ നിന്നും ആദ്യമായി പുറത്തായ യുവി 2013 ഡിസംബര്‍ മുതല്‍ 2017 ജനുവരി വരെ ഒരൊറ്റ ഏകദിന മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല. 2015 ഏകദിന ലോകകപ്പിലും ടീമിൽ നിന്ന് തഴയപ്പെട്ടു. 2017ലാണ് താരം അവസാനമായി രാജ്യത്തിന് വേണ്ടി നീല ജഴ്സിയിൽ കളിച്ചത്. െഎ.പി.എല്ലിൽ വിവിധ ടീമുകൾക്ക് വേണ്ടി താരം ബാറ്റേന്തിയിട്ടുണ്ട്. അവസാനമായി കളിച്ചത് കഴിഞ്ഞ സീസണിൽ മുംബൈക്ക് വേണ്ടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.