'ആ പോസ്റ്റുകൾ വേദനയുണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു.., എന്നോട് പോകാൻ ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല'; പ്രതികരിച്ച് പാകിസ്താൻ ടി.വി അവതാരക

ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ ട്വീറ്റുകൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടുവെന്നുള്ള വാർത്ത നിഷേധിച്ച് പാക് സ്പോട്സ് അവതാരക സൈനബ് അബ്ബാസ്. പാകിസ്താൻ ന്യൂസ് ചാനൽ ‘സമാ ടി.വി’ കഴിഞ്ഞ പുറത്തുവിട്ട ഗുരുതര ആരോപണങ്ങളാണ് ഇതോടെ പൊളിഞ്ഞത്.

ഐ.സി.സി ഡിജിറ്റൽ ടീമിന്റെ ഭാഗമായിരുന്ന സൈനബ് അബ്ബാസ് പാകിസ്താന്റെ രണ്ടു മത്സരങ്ങൾക്കായി ഹൈദരാബാദിലുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ഇന്ത്യ വിട്ടിരുന്നു. തുടർന്നാണ് പാക് ചാനൽ ഗുരുതര ആരോണങ്ങളുമായി രംഗത്തെത്തിയത്.

ഇന്ത്യയെയും ഹിന്ദുമതത്തെയും വിമർശിക്കുന്ന ട്വീറ്റുകൾ മുമ്പ് പോസ്റ്റ് ചെയ്തെന്ന പരാതിയെ തുടർന്ന് ഇവരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതായാണ് സമൂഹ മാധ്യമമായ എക്സിലൂടെ ചാനൽ വെളിപ്പെടുത്തിയത്. പിന്നീട് സമാ ടി.വി ആദ്യമിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും സുരക്ഷാ കാരണങ്ങളാൽ സൈനബ് ഇന്ത്യ വിട്ടെന്ന പുതിയ പോസ്റ്റിടുകയും ചെയ്തു.

ഇതിനിടെ  സൈനബിന്റെ ഏതാനും ഹിന്ദു വിരുദ്ധ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ ചിലർ കുത്തിപ്പൊക്കിയതോടെ അഭിഭാഷകനായ വിനീത് ജിൻഡാൽ ആഭ്യന്തര മന്ത്രിക്കും ബി.സി.സി.ഐക്കും പരാതി നൽകിയിരുന്നു. ഭാരതത്തിനും ഹിന്ദു ധർമത്തിനുമെതിരായ അവഹേളനപരവും പ്രകോപനപരവുമായ പോസ്റ്റുകളിട്ട ഐ.സി.സി ലോകകപ്പിലെ അവതാരകയെ നീക്കണമെന്നായിരുന്നു ആവശ്യം.

എന്നാൽ, വിഷയത്തിൽ പ്രതികരണവുമായി സൈനബ അബ്ബാസ് രംഗത്തെത്തി. 'പ്രചരിച്ച പോസ്റ്റുകൾ മൂലമുണ്ടായ വേദന ഞാൻ മനസ്സിലാക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വ്യക്തി എന്ന നിലയിൽ അവ എന്റെ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാക്കാനാണ് ആഗ്രഹിക്കുന്നത്.'- സൈനബ് എക്സിൽ കുറിച്ചു. 

'എന്നോട് പോകാൻ ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല, ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകളിൽ ഭയം തോന്നി. എന്റെ സുരക്ഷയ്ക്ക്  ഭീഷണിയില്ലെങ്കിലും, അതിർത്തിയുടെ ഇരുവശത്തുമുള്ള എന്റെ കുടുംബവും സുഹൃത്തുക്കളും ആശങ്കാകുലരായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാൻ എനിക്ക് കുറച്ച് സ്ഥലവും സമയവും ആവശ്യമാണ്,' സൈനബ് പറഞ്ഞു.

സൈനബിനെ ഇന്ത്യയിൽ നിന്ന് നാടുകടത്തിയിട്ടില്ലെന്ന് ഐ.സി.സിയും നേരത്തെ വ്യക്തമാക്കിയിരുന്നു. “സൈനബിനെ നാടുകടത്തിയിട്ടില്ല, വ്യക്തിപരമായ കാരണങ്ങളാലാണ് അവർ പോയത്,” ഐ.സി.സി വക്താവ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. 

Tags:    
News Summary - Zainab Abbas sets record straight over old social media posts, reveals reason behind leaving India during World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.