ക്രിക്കറ്റിലെ വിവാദമായി മാറിയ വിക്കറ്റെടുക്കൽ രീതിയാണ് നോൺ സ്ട്രൈക്കർ എൻഡിലെ ബാറ്ററെ പുറത്താക്കുന്ന 'മങ്കാദിങ്' എന്നറിയപ്പെടുന്ന രീതി. അടുത്ത കാലത്താണ് ഈ രീതിയിലുള്ള റൺഔട്ടിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. കഴിഞ്ഞ ദിവസം ആസ്ട്രേലിയയിലെ ട്വന്‍റി-20 ലീഗായ ബിഗ്ബാഷ് ലീഗിൽ നടന്ന ഒരു മങ്കാദിങ് ഏറെ കൗതുകമായിരുന്നു.
മെൽബൺ സ്റ്റാർസും മെൽബൺ റെനഗേഡ്സും തമ്മിലായിരുന്നു മത്സരം. മെൽബൺ സ്റ്റാർസിന്‍റെ ക്യാപ്റ്റൻ ആദം സാംപയാണ് മങ്കാദിങ് നടത്തിയത്. ടോം റോജറിനെ പുറത്താക്കാനായിരുന്നു നീക്കം.
പന്തെറിയും മുമ്പേ ടോം റോജർ ക്രീസ് വിട്ടിറങ്ങിയതും സാംപ ബൗളിങ് പൂർത്തിയാക്കാതെ സ്റ്റംപിളക്കി. സാധാരണഗതിയിൽ ബാറ്റർ പുറത്താകുന്ന സാഹചര്യം. സാംപ ആഹ്ലാദപ്രകടനവും നടത്തി. ടോം റോജറാകട്ടെ പുറത്തേക്ക് നടക്കാൻ തുടങ്ങുകയും ചെയ്തു.
ഫീൽഡ് അംപയർ ആദ്യം ഔട്ട് വിളിച്ചു. എന്നാൽ, തേർഡ് അംപയറുമായി സംസാരിച്ച ശേഷം തീരുമാനം തിരുത്തി വിളിച്ചത് നോട്ടൗട്ട്. ഇതോടെ കാരണം എന്തെന്നറിയാതെ ഏവരും അമ്പരന്നു.
മങ്കാദിങ് സംബന്ധിച്ച ക്രിക്കറ്റ് നിയമത്തിലെ ചട്ടം പ്രകാരമാണ് ബാറ്റർ ക്രീസിന് പുറത്തായിട്ടും ഔട്ട് അനുവദിക്കാതിരുന്നത്. ക്രിക്കറ്റിലെ നിയമങ്ങൾ രൂപീകരിക്കുന്ന മെൽബൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) ഇതുസംബന്ധിച്ച് മത്സരശേഷം വിശദീകരണം നൽകുകയും ചെയ്തു.
ക്രിക്കറ്റ് നിയമപ്രകാരം ബൗളർ ബൗളിങ് ആക്ഷൻ പൂർത്തിയാക്കിയ ശേഷം 'മങ്കാദിങ്' അനുവദിക്കില്ല. ആക്ഷൻ പൂർത്തിയാക്കുന്നതിന് മുമ്പ് വിക്കറ്റ് ഇളക്കിയാൽ മാത്രമേ ഔട്ടാവുകയുള്ളൂ. ബൗളറുടെ കൈ ഉയരത്തിലെത്തുന്നതോടെ ആക്ഷൻ പൂർത്തിയായതായി പരിഗണിക്കും. ഇവിടെ, ആദം സാംപ തന്‍റെ ആക്ഷൻ പൂർത്തിയാക്കിയ ശേഷമാണ് തിരികെവന്ന് സ്റ്റംപ് ഇളക്കിയത്. അതിനാലാണ് നോട്ടൗട്ട് വിധിച്ചതും. ബൗളർ ബൗൾ ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബാറ്ററെ പുറത്താക്കുന്നത് തടയാനാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.