പുനലൂർ: പ്രതിസന്ധികളും പ്രയാസങ്ങളും അവഗണിച്ച് പുനലൂർ സ്വദേശിയായ നിയാസ് പാരാ ഒളിമ്പിക്സ് ലക്ഷ്യമാക്കി ഓടുകയാണ്. ടോക്യോയിൽ നടക്കുന്ന പാരാ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കുതിച്ചുപായുന്ന നിയാസിനെ കുഞ്ഞു നാളിൽ അർബുദം ബാധിച്ച് നീക്കം ചെയ്ത തോളെല്ലോ മറ്റ് ബുദ്ധിമുട്ടുകളോ പ്രയാസപ്പെടുത്തുന്നില്ല.
പുനലൂർ ചാലക്കോട് ചരുവിള പുത്തൻ വീട്ടിൽ ഷാജഹാൻ ആരിഫ ദമ്പതികളുടെ മൂത്ത മകനാണ്. 2021 സെപ്റ്റംബറിൽ ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന പാര ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അടുത്തിടെ ബംഗളൂരുവിൽ നടന്ന പത്തൊമ്പതാമത് സീനിയർ നാഷനൽ പാര മീറ്റിൽ 1500, 800, 400 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടിയാണ് യോഗ്യത നേടിയത്.
2.17 മിനിറ്റിൽ 800 മീറ്റർ ഓടിയെത്തി ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്തി. മംഗലാപുരം ആൽവാസ് കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. തിരുവനന്തപുരം സായി സ്പോർട്സ് സെൻററിലാണ് ഇപ്പോൾ പരിശീലനം. ആറാം വയസ്സിൽ അർബുദം പിടിപെട്ട് നിയാസ് 12 വർഷത്തോളം ചികിത്സയിലായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കായികരംഗത്തോട് കമ്പം തോന്നിയത്. പുനലൂർ ഗവ.എച്ച്.എസ്.എസ്, ശ്രീനാരായണ കോളജിലും പഠനം തുടരവേ സ്പോർട്സിൽ കൂടുതൽ ശ്രദ്ധിച്ചു.
2017 ലും 18 ലും ഓൾ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റി ക്രോസ് കൺട്രി മത്സരത്തിൽ സ്വർണമെഡൽ നേടി. രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി ഇൻറർ കൊളീജിയറ്റ് 2018-ലെ ഹാഫ് മാരത്തൺ മത്സരത്തിലെ 21 കിലോമീറ്റർ 1.13 മണിക്കൂറിലും, 2019ലെ മാരത്തൺ ഓട്ടത്തിൽ 42 കിലോമീറ്റർ 2.45 മണിക്കൂറിലും ഓടിയ റെക്കോഡും ഇപ്പോഴും നിയാസിെൻറ പേരിലുണ്ട്. ഒളിമ്പിക്സിലേക്ക് എത്തുന്നതിന് നിയാസിന് ഒരു കടമ്പ കൂടി താണ്ടണം.
വിദേശത്ത് നടത്തുന്ന മെഡിക്കൽ പരിശോധനയാണത്. ഇതിന് ഏകദേശം നാല് ലക്ഷം രൂപയോളം ചെലവ് വരും. ഈ തുക നിയാസ് കണ്ടെത്തേണ്ടതുണ്ട്.
കൂലിപ്പണിക്കാരനായ പിതാവിന് ഇത്രയും തുക കണ്ടെത്താൻ കഴിയാത്തതിനാൽ സർക്കാർ അടക്കം കനിഞ്ഞാലേ നിയാസിെൻറ സ്വപ്നം പൂവണിയൂ. സഹോദരി നാസില എം കോം വിദ്യാർഥിനിയാണ്. കാസർകോട് സ്പോർട്സ് കൗൺസിൽ ചീഫ് കോച്ച് സുഭാഷ് ജോസഫാണ് ഇപ്പോൾ നിയാസിനെ പരിശീലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.