ജിദ്ദ: സൗദി ഫുട്ബാൾ ക്ലബായ അൽഹിലാലിൽ ചേർന്നശേഷം നടന്ന ആദ്യ മത്സരത്തിൽ തന്നെ വലിയ വിജയം നേടാനായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളിലൊരാളായ ബ്രസീലിയൻ താരം നെയ്മർ.
സൗദി റോഷൻ ലീഗിൽ അൽഹിലാലിനുവേണ്ടി ഇറങ്ങി ഒന്നിനെതിരെ ആറു ഗോളുകൾക്ക് അൽറിയാദിനെ പരാജയപ്പെടുത്തിയതിൽ സന്തോഷവാനാണെന്ന് അദ്ദേഹം പ്രതികരിച്ചു. ‘‘എന്റെ ആദ്യ പ്രകടനത്തിൽ തന്നെ വിജയം നേടിയതിൽ അതിയായ സന്തോഷമുണ്ട്. ആരാധകരുടെ ബഹുമാനത്തിന് നന്ദി’’ -‘എക്സി’ൽ എഴുതിയ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. ആരാധകർ ഉയർത്തിയ ബാനറിന്റെ ഫോട്ടോയും നെയ്മർ പോസ്റ്റ് ചെയ്തു. ‘‘അരങ്ങേറ്റത്തിലും പാസിലും വളരെ സന്തോഷമുണ്ട്. ആദ്യ വിജയത്തിൽ ഞാൻ പ്രത്യേകിച്ചും സന്തോഷവാനാണ്. ഞങ്ങൾ ഒരുമിച്ചാണ്, അടുത്ത തവണ കാണാം’’ -എക്സിൽ അൽഹിലാൽ ക്ലബ് പോസ്റ്റ് ചെയ്ത വിഡിയോയിൽ നെയ്മർ പറഞ്ഞു.
ആറു ഗോൾ നേടിയ അൽഹിലാൽ സ്വന്തം സ്കോർ 16 പോയന്റായി ഉയർത്തി. രണ്ടാം സ്ഥാനത്തുള്ള അൽഇത്തിഹാദിനെക്കാൾ ഒരു പോയന്റ് മുന്നിലാണ്. അൽഹിലാൽ ആരാധകരും തങ്ങളുടെ ക്ലബിലെ നെയ്മറുടെ ആദ്യ മത്സരത്തിലെ വിജയത്തിൽ ഏറെ സന്തോഷത്തിലാണ്.
അൽറിയാദിനെതിരായ വിജയത്തിനിടെ അവർ നെയ്മറുടെ ചിത്രം ഉൾക്കൊള്ളുന്ന വലിയൊരു ബാനർ ഉയർത്തി. ‘ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്കോറർ’ എന്ന് ഇംഗ്ലീഷിൽ അതിലവർ കുറിച്ചു.
മുൻ ബാഴ്സലോണ താരം കഴിഞ്ഞ മാസമാണ് പി.എസ്.ജിയിൽനിന്ന് രാജിവെച്ച് അൽഹിലാലിൽ ചേർന്നത്. എന്നാൽ, ചെറിയ പരിക്കിനെത്തുടർന്ന് അൽഹിലാലിനു വേണ്ടിയുള്ള ആദ്യ മത്സരം വെള്ളിയാഴ്ച വരെ നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.