തിരുവനന്തപുരം: ജനുവരി 28 മുതൽ ഫെബ്രുവരി 14വരെ ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ 437 കായിക താരങ്ങളും 113 ഒഫിഷ്യൽസുമടക്കം 550 അംഗ സംഘം കേരളത്തെ പ്രതിനിധീകരിക്കും. 29 കായിക ഇനങ്ങളിൽ കേരളം മാറ്റുരയ്ക്കും. 52 കായിക താരങ്ങളും13 ഒഫിഷ്യലുമടങ്ങുന്ന അത്‌ലറ്റിക്സാണ് ഏറ്റവും വലിയ സംഘം. അക്വാട്ടിക്സിൽ 43 താരങ്ങളും എട്ട് ഒഫിഷ്യലുമുണ്ട്. ഉദ്ഘാടചടങ്ങിൽ അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ താരം പി.എസ് ജീന കേരള സംഘത്തിന്റെ പതാകയേന്തും.
മുൻ അന്താരാഷ്ട്ര നീന്തൽ താരവും ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ സേവ്യറാണ് കേരള ടീമിന്റെ ചെഫ് ഡി മിഷൻ. സുഭാഷ് ജോർജ്, വിജു വർമ, ആർ. പ്രസന്നകുമാർ എന്നിവർ ഡെപ്യൂട്ടി ചെഫ് ഡി മിഷൻസാണ്. കേരള താരങ്ങളുടെ രജിസ്ട്രേഷൻ കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ആദ്യ സംഘം വ്യാഴാഴ്‌ച നെടുമ്പാശേരിയിൽനിന്ന് വിമാനമാർഗം പുറപ്പെട്ടു. കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ ടീമിനെ യാത്രയയച്ചു. ടീമുകളുടെ യാത്ര, പരിശീലന ക്യാമ്പ്, സ്പോർട്സ് കിറ്റ് തുടങ്ങിയ ചെലവുകൾ വഹിക്കുന്നത് സംസ്ഥാന കായിക വകുപ്പാണ്.
ടീമംഗങ്ങൾക്ക് കേരള ഒളിമ്പിക് അസോസിയേഷൻ നൽകിയ പ്രത്യേക ജഴ്സി തിരുവനന്തപുരത്ത് ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ അനാവരണം ചെയ്തു. അദാനി ഗ്രൂപ്പാണ് ജഴ്സി സ്പോൺസർ ചെയ്തത്.
ജനുവരി 26 മുതൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ഓഫീസ് ഉത്തരാഖണ്ഡിൽ പ്രവർത്തിക്കും. 2023ൽ ഗോവയിൽ നടന്ന ഗെയിംസിൽ 80 സ്വർണമടക്കം 228 മെഡലുമായി മഹാരാഷ്ട്രയായിരുന്നു ഓവറാൾ ചാമ്പ്യന്മാർ. 36 സ്വർണവും 24 വെള്ളിയും 27 വെങ്കലവുമടക്കം 87 മെഡലുമായി കേരളം അഞ്ചാമതായിരുന്നു. ഇക്കുറി മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കേരള ടീം.
കഴിഞ്ഞ ഗെയിംസിൽ 19 സ്വർണമടക്കം 22 മെഡൽ സമ്മാനിച്ച കളരിപ്പയറ്റ് മത്സര ഇനമാക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിൽ ആശങ്കയുണ്ടെന്നു അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് വി. സുനിൽകുമാർ, സെക്രട്ടറി ജനറൽ എസ്. രാജീവ്, കേരള ടീം ചെഫ് ഡി മിഷൻ സെബാസ്‌റ്റ്യൻ സേവ്യർ, കെ.ഒ.എ വൈസ് പ്രസിഡന്റും എക്‌സിക്യുട്ടീവ് ഡയറക്‌ടറുമായ എസ്.എൻ രഘുചന്ദ്രൻ നായർ, ഡെപ്യുട്ടി ചെഫ് ഡി മിഷൻമാരായ സുഭാഷ് ജോർജ്, പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.