തിരുവനന്തപുരം: സംഘാടനത്തിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായ 64ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് കൊടിയിറങ്ങിയപ്പോൾ ഉയരുന്നത് ഭാവി കായിക കേരളത്തെക്കുറിച്ചുള്ള ആശങ്കകൾ.ഒരുകാലത്ത് കായികമേഖലയിൽ ശിരസ്സുയർത്തി നിന്ന കേരളത്തിന്‍റെ പ്രകടനം കോവിഡിന് ശേഷം നടന്ന ദേശീയ ഗെയിംസിലുൾപ്പെടെ അത്ര ശോഭനമല്ല.
അതു തെളിയിക്കുന്നതായിരുന്നു നാലു ദിവസമായി തലസ്ഥാനത്തെ ചന്ദ്രശേഖരൻനായർ സ്റ്റേഡിയം, യൂനിവേഴ്സിറ്റി സ്റ്റേഡിയങ്ങളിൽ നടന്ന മീറ്റ്. 2019ൽ കണ്ണൂരിൽ നടന്ന മീറ്റിൽ 16 പുതിയ മീറ്റ് റെക്കോഡുകൾ പിറന്നെങ്കിൽ മൂന്നുവർഷത്തിനുശേഷം നടന്ന മീറ്റിൽ ആറ് റെക്കോഡുകൾ മാത്രം. ട്രാക്കിൽ ഒരു റെക്കോഡ് പോലുമുണ്ടായില്ല. കാസർകോട് കെ.സി. ത്രോസ് അക്കാദമിയുടെ കരുത്തിൽ മാത്രമാണ് ത്രോ ഇനങ്ങളിൽ നാല് റെക്കോഡുകൾ പിറന്നത്. .
ഓട്ടമത്സരങ്ങളിൽ റെക്കോഡുമില്ല, നിലവിലെ റെക്കോഡുകളുടെ അടുത്തെത്താൻ പോലും മിക്ക താരങ്ങൾക്കും കഴിഞ്ഞില്ല. ഓട്ടമത്സരങ്ങൾക്കു ശേഷം താരങ്ങൾ കുഴഞ്ഞുവീണത് കോവിഡാനന്തര പ്രശ്നങ്ങളാലെന്ന് ആശങ്കയുണ്ട്. രണ്ടു വർഷത്തെ അടച്ചിടൽ കുട്ടികളുടെ ശാരീരിക-മാനസികാവസ്ഥയെ സാരമായി ബാധിച്ചെന്ന് വിദഗ്ധരും പറയുന്നു.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പകലും രാത്രിയുമായി സംഘടിപ്പിക്കപ്പെട്ട മേള തത്സമയം കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്തു. മത്സരങ്ങൾ കഴിഞ്ഞയുടൻ തന്നെ ഫലം ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡിൽ തെളിഞ്ഞത് സംഘാടനത്തിലെ മികവ് വ്യക്തമാക്കുന്നു.
എറണാകുളം, തിരുവനന്തപുരം പോലുള്ള ജില്ലകളുടെ പതനവും മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളുടെ കുതിപ്പും പ്രതീക്ഷ നൽകുന്നു. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്, ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്, പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളുടെയും പ്രകടനങ്ങൾ മികച്ചതാണ്.
സർക്കാറിന്‍റെ മതിയായ സഹായങ്ങൾ ഇല്ല, കായികാധ്യപകരുടെ അപര്യാപ്തത, ശമ്പളമില്ലായ്മ തുടങ്ങിയവയും പിന്നോട്ടടിക്ക് കാരണമായി. സ്കൂളുകളുടെയും ജില്ലകളുടെയും പേരുകളിൽ മെഡൽ വരുന്നുണ്ടെങ്കിലും പുറത്തുള്ള അക്കാദമികളുടെ കഠിനപരിശീലനവും സാമ്പത്തിക സഹായവുമൊക്കെയാണ് ഇതിനു പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.