കൊച്ചി: 1973 ഡിസംബർ 27. കൊച്ചിക്ക് മുകളിൽ അന്തരീക്ഷം മൂടിക്കെട്ടിനിന്നു, തുടർന്ന് ചാറ്റൽ മഴയും. അന്തരീക്ഷം ആർത്തിരമ്പിയെത്തിയാലും കുലുങ്ങാത്ത കരുത്തന്മാർ മഹാരാജാസ് സ്റ്റേഡിയത്തിൽ നിലയുറപ്പിച്ചപ്പോൾ പതിനായിരങ്ങൾ കാണാനെത്തി. അന്ന് ആദ്യമായി സന്തോഷ് ട്രോഫിയിൽ കേരളം മുത്തമിടുമ്പോൾ കളിക്കാരനായ എം.ആർ. ജോസഫ് അഭിമാനത്താൽ ആവേശഭരിതനായിരുന്നു. ടീമിലെ ഫോർവേഡായിരുന്നു എം.ആർ. ജോസഫ്. കൊച്ചിയിലെ പോർട്ട് ക്വാർട്ടേഴ്സിൽ പന്തുതട്ടി തുടങ്ങിയ കുട്ടിക്കാലം മുതൽ സന്തോഷ് ട്രോഫി വിജയം വരെയുള്ള അദ്ദേഹത്തിന്റെ ഫുട്ബാൾ കരിയർ കഠിനാധ്വാനത്തിന്റേതായിരുന്നു. പിതാവ് റാഫേൽ കൊച്ചിൻ പോർട്ടിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെയാണ് ജോസഫ് പരിശീലനം ആരംഭിച്ചത്.
സ്കൂൾ തലങ്ങളിലും വിവിധ ടൂർണമെന്റുകളിലും പങ്കെടുത്തു. സ്റ്റാഫ് ക്ലബ് മൈതാനത്തെ ഫുട്ബാൾ മത്സരങ്ങൾ കണ്ട് ആവേശഭരിതനായ അദ്ദേഹം കൊച്ചിൻ സ്റ്റേറ്റ് ക്ലബിൽ അംഗമായി. മട്ടാഞ്ചേരി ടി.ഡി സ്കൂൾ മൈതാനത്ത് പരിശീലിച്ച് കേരളത്തിൽ ഉടനീളം അവർക്കുവേണ്ടി കളത്തിലിറങ്ങി. 1969ലെ കട്ടക്ക് ജൂനിയർ നാഷനലിൽ കിരീടം നേടിയ കേരള ടീമിലുമുണ്ടായിരുന്നു. ഇതോടെ ഫാക്ട് ടീമിലേക്ക് ക്ഷണമെത്തി. 1972 മുതൽ 1975 വരെ സംസ്ഥാന ടീമിലും 1977ൽ പോർട്ട് ട്രസ്റ്റ് ടീമിലുമെത്തി. രണ്ടുതവണ മേജർ പോർട്ട് ഫുട്ബാളിൽ വിജയം നേടുന്നതിൽ പങ്കുവഹിച്ചു. 1973ലെ സന്തോഷ് ട്രോഫിയുടെ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത കളിക്കാരനായിരുന്നു എം.ആർ. ജോസഫെന്ന് സഹതാരമായിരുന്ന ബ്ലാസി ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ദേവാനന്ദ്, രത്നാകരൻ, ജാഫർ, ഹമീദ്, എം.ആർ. ജോസഫ്, വില്യംസ് എന്നിവർ എല്ലാ കളികളിലുമുണ്ടായിരുന്നു. തനിക്ക് പരിക്കുണ്ടായതോടെയാണ് വലതുവിങ്ങായി ജോസഫിനെ പ്രവേശിപ്പിച്ചത്. മറ്റൊരു താരമായ ഡോ. ബഷീറിന് പരിക്കേറ്റതോടെ നജ്മുദ്ദീൻ ടീമിലെത്തി. ഇതോടെ ജോസഫിനെ ഇടതുവിങ്ങിലേക്ക് മാറ്റി. മികച്ച പ്രകടനമായിരുന്നു സന്തോഷ് ട്രോഫിയിൽ ജോസഫ് കാഴ്ചവെച്ചത്. വില്യംസ്, മണി, നജ്മുദ്ദീൻ, എം.ആർ. ജോസഫ് എന്നിവരുടെ കോമ്പിനേഷൻ ശ്രദ്ധേയമായിരുന്നു.
വിവിധ ക്ലബുകളിലായി തങ്ങൾ ഒരുമിച്ച് സെവൻസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അന്നൊക്കെ റൈറ്റ് വിങ്ങിൽ താനും ലെഫ്റ്റ് വിങ്ങിൽ എം.ആർ. ജോസഫുമായിരുന്നുവെന്ന് ബ്ലാസി ജോർജ് പറഞ്ഞു. പോർട്ട് ട്രസ്റ്റിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ അന്തരിച്ച 75കാരനായ അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.