ലോകകപ്പിനെത്തുമ്പോൾ ലോകത്തെ മികച്ച സ്ട്രൈക്കർമാർ എന്ന വിശേഷണമായിരുന്നു ബ്രസീലിന്റെ റൊമാരിയോക്കും ഇറ്റലിയുടെ റോബർട്ടോ ബാജിയോക്കും. തൊട്ടുമുമ്പത്തെ വർഷം ലോകത്തെ മികച്ച താരത്തിനുള്ള ബാലൻ ഡിഓർ പുരസ്കാരം സ്വന്തമാക്കിയായിരുന്നു ബാജിയോയുടെ വരവ്. റൊമാരിയോയാവട്ടെ ലോകകപ്പ് നേട്ടവുമായി ആ വർഷത്തെ ബാലൻ ഡിഓർ സ്വന്തമാക്കി.
ഫൈനലിൽ ബ്രസീലും ഇറ്റലിയും അണിനിരക്കുമ്പോൾ റൊമാരിയോക്കും ബാജിയോക്കുമിടയിൽ വേർതിരിക്കാൻ ഒന്നുമില്ലായിരുന്നു. രണ്ടു പേരും ലോകകപ്പിലതുവരെ ടീമിൻെറ ടോപ്സ്കോറർമാർ-അഞ്ചു ഗോൾ വീതം. നിർണായക ഘട്ടങ്ങളിൽ ഗോളുകളുമായി ടീമുകളെ ഫൈനൽ വരെ നയിച്ചവർ. അതിനാൽ തന്നെ കലാശപ്പോരിലും ഇവരുടെ ഗോളുകൾ ഗതിനിർണയിക്കുമെന്ന് ആരാധകർ വിശ്വസിച്ചു. എന്നാൽ അതുണ്ടായില്ല. ഗോൾരഹിത സമനിലക്കുശേഷം കളി ഷൂട്ടൗട്ടിലേക്ക്. അവിടെ ബാജിയോക്ക് പിഴച്ചു. റൊമാരിയോക്ക് പിഴച്ചതുമില്ല. ഫലം കപ്പ് ബ്രസീലിലേക്ക്. മികച്ച താരത്തിനുള്ള സുവർണ പന്തും റൊമാരിയോക്ക്. മികച്ച രണ്ടാമത്തെ താരത്തിനുള്ള രജത പന്ത് ബാജിയോക്കും.
ഒറ്റക്കളിയിലൂടെ താരമാവുക എന്നൊക്കെ പറഞ്ഞാൽ അത് ഒലെഗ് സാലെങ്കോയെ പോലെയാവണം. റഷ്യക്കുവേണ്ടി എട്ടു കളികളിൽ ഇറങ്ങിയിട്ടുള്ള സാലെങ്കോ ആകെ അടിച്ചത് ആറു ഗോളുകളാണ്. അതിൽ അഞ്ചും ഒരു മത്സരത്തിൽ, അതും ലോകകപ്പിൽ. അതോടെ ലോകകപ്പിലെ ടോപ്സ്കോറർക്കുള്ള സുവർണ പാദുകവും കീശയിൽ (ബൾഗേറിയയുടെ ഹ്രിസ്റ്റോ സ്റ്റോയ്ച്കോവിനൊപ്പം പങ്കിട്ടു). കാമറൂണിനെതിരായ ഗ്രൂപ് റൗണ്ട് മത്സരത്തിലായിരുന്നു സാലെങ്കോയുടെ അഞ്ചടി. കളി റഷ്യ 6-1ന് ജയിച്ചു. തൊട്ടുമുമ്പത്തെ കളിയില സ്വീഡനെതിരെ സാലെങ്കോ ഒരു ഗോൾ നേടിയിരുന്നു. ആദ്യ റൗണ്ടിൽ തന്നെ പുറത്തായ റഷ്യക്കായി മൂന്നു മത്സരം മാത്രമാണ് സാലെങ്കോ കളിച്ചത്.
യു.എസ് ലോകകപ്പിൽ ബ്രസീലിൻെറ താരമായത് റൊമാരിയോയായിരുന്നെങ്കിലും ഒട്ടും പിറകിലായിരുന്നില്ല സഹതാരമായ ബെബറ്റോയും. അഞ്ചു ഗോൾ നേടിയ റൊമാരിയോയും മൂന്നു വട്ടം സ്കോർ ചെയ്ത ബെബറ്റോയും ചേർന്ന കൂട്ടുകെട്ടായിരുന്നു കാനറികളുടെ കരുത്ത്. എന്നാൽ, കളിയെക്കാളേറെ ബെബറ്റോയെ ജനകീയനാക്കിയത് ഗോളടിച്ചപ്പോഴുള്ള ആഘോഷമായിരുന്നു.
നെതർലൻഡ്സിനെതിരെ ഗോൾ നേടിയ ബെബറ്റോ സൈഡ് ലൈനിനടുത്തേക്ക് ഓടിയെത്തി കുട്ടിയെ താരാട്ടുന്ന ആക്ഷൻ പുറത്തെടുത്തു. റൊമാരിയോയും സഹതാരങ്ങളും ഒപ്പംചേർന്നു. ലോകകപ്പിലെ കണ്ണിനിമ്പമേറുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്. മൂത്ത മകൻ മതായൂസിന്റെ പിറവിയായിരുന്നു ബെബറ്റോ അതിലൂടെ ആഘോഷിച്ചത്. വർഷങ്ങൾക്കുശേഷം മതായൂസിനൊപ്പം ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ബെബറ്റോ ഈ നിമിഷം അനുസ്മരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.