സിഡ്നി: വനിത ലോകകപ്പിൽ വമ്പന്മാർ മാറ്റുരച്ച ദിനത്തിൽ ജർമനിയും ബ്രസീലും കരുത്തുകാട്ടിയപ്പോൾ അസൂറികളോട് തോറ്റ് നീലക്കുപ്പായക്കാർ. ഗ്രൂപ് എച്ചിലെ ഫേവറിറ്റുകളായ ജർമനി ഏകപക്ഷീയമായ ആറു ഗോളിനാണ് മൊറോക്കോയെ മുക്കിയത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച് ആരി ബോർഹെസ് നിറഞ്ഞാടിയ ദിനത്തിൽ പാനമക്കെതിരെ ബ്രസീൽ കുറിച്ചത് നാലു ഗോൾ ജയം. ഏറ്റവും മികച്ച രണ്ടു നിരകൾ മുഖാമുഖം നിന്ന ഇറ്റലി-അർജന്റീന പോരിൽ യൂറോപ്യൻ ടീം ജയിച്ചുകയറിയത് ഏകപക്ഷീയമായ ഒരു ഗോളിന്.
മൈതാനത്ത് ആദ്യവസാനം ജർമനി മാത്രം ദൃശ്യമായ മത്സരത്തിൽ അലക്സാണ്ടർ പോപ്പ് ഡബ്ളടിച്ച് മുന്നിൽനിന്ന് നയിച്ചപ്പോൾ ബ്യൂഹ്ൽ, എയ്ത് അൽഹാജ് (സെൽഫ് ഗോൾ), റാബിറ്റ്, ഷൂളർ എന്നിവർ മൊറോക്കോ വലയിൽ പന്തെത്തിച്ചു. ഈ ലോകകപ്പിൽ കന്നിയങ്കം കുറിക്കുന്ന മൊറോക്കോ നിര ചെറുത്തുനിൽക്കാൻ പോലുമാകാതെയാണ് കീഴടങ്ങിയത്.
സമാനമായി, ആദ്യമായി ലോകകപ്പിനെത്തുന്ന പാനമക്കെതിരെ സാംബ വനിതകളും നിർദയമായ പ്രകടനമാണ് പുറത്തെടുത്തത്.
ആദ്യ പകുതിയിൽ രണ്ടു വട്ടം വലകുലുക്കിയ ആരി ബോർഹെസ് ഇടവേള കഴിഞ്ഞയുടൻ ബാക്ഹീൽ പാസുമായി സാനെറാറ്റോ യൊആവോക്ക് അസിസ്റ്റ് നൽകിയും 70ാം മിനിറ്റിൽ ഗോളടിച്ചും പട്ടിക പൂർത്തിയാക്കി.
യൂറോപ്യൻ-ലാറ്റിനമേരിക്കൻ കരുത്ത് മുഖാമുഖം നിന്ന മൂന്നാം അങ്കത്തിൽ പകരക്കാരിയായി എത്തിയ ക്രിസ്റ്റ്യാന ജിറേലിയാണ് ഇറ്റലിയെ വിജയിപ്പിച്ചത്. പതിവുപോലെ പ്രതിരോധം കനപ്പിച്ചിറങ്ങിയ അസൂറികൾ ഒരു പണത്തൂക്കം മുന്നിൽ നിന്ന കളിയിൽ അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനിടെയായിരുന്നു ഗതി നിർണയിച്ച ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.