തോൽവിയറിയാതെ 33 മത്സരങ്ങൾ; ജർമനിയിൽ ചരിത്രം കുറിച്ച് ലെവർകുസൻ

ബർലിൻ: ജർമൻ ഫുട്ബാളിൽ അതിശയ കുതിപ്പുമായി ഫുട്ബാൾ ആരാധകരെ വിസ്മയിപ്പിക്കുകയാണ് ബയേർ ലെവർകുസൻ. മുൻ സ്പാനിഷ് താരം സാബി അലോൻസോ എന്ന പരിശീലകന് കീഴിൽ അതുല്യ പ്രകടനമാണ് അവർ കാഴ്ചവെക്കുന്നത്. ബുണ്ടസ് ലീഗയിൽ തുടർച്ചയായ കിരീടങ്ങളിലൂടെ എതിരാളികളില്ലാതിരുന്ന ബയേൺ മ്യൂണിക് എന്ന അതികായരെ പോലും ബഹുദൂരം പിന്നിലാക്കിയാണ് അവരുടെ കുതിപ്പ്.

ഇപ്പോൾ ജർമനിയിൽ പുതിയ റെക്കോഡും ലെവർകുസൻ സ്വന്തമാക്കിയിരിക്കുകയാണ്. തുടർച്ചയായ 33 മത്സരങ്ങളിൽ തോൽവിയറിഞ്ഞില്ലെന്ന ചരിത്ര നേട്ടമാണ് അവരെ തേടിയെത്തിയിരിക്കുന്നത്. 29 മത്സരങ്ങൾ ജയിച്ചുകയറിയപ്പോൾ നാല് സമനിലയാണ് അവരുടെ അക്കൗണ്ടിലുള്ളത്. ഹാൻസി ഫ്ലിക്കിന്റെ പരിശീലനത്തിൽ 2019ലും 2020ലുമായി ബയേൺ മ്യൂണിക് സ്വന്തമാക്കിയിരുന്ന റെക്കോഡാണ് ലെവർകുസൻ പിടിച്ചടക്കിയത്.

മെയിൻസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചതോടെയാണ് ലെവർകുസൻ റെക്കോഡ് നേട്ടത്തിലേക്ക് കടന്നത്. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഗ്രാനിത്ത് സാകയുടെ തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെ ലെവർകുസൻ ലീഡ് പിടിച്ചു. ലീഗിൽ ക്ലബിനായി താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. എന്നാൽ, നാല് മിനിറ്റിനകം മെയിൻസിന്റെ തിരിച്ചടി വന്നു. വിഡ്മറുടെ അസിസ്റ്റിൽ ഡൊമിനിക് കോഹർ ആയിരുന്നു ലെവർകുസൻ വലയിൽ പന്തെത്തിച്ചത്. ഒന്നാം പകുതിയിൽ ഇരുനിരക്കും ഗോളവസരങ്ങൾ ഏറെ ലഭിച്ചെങ്കിലും വല കുലുങ്ങിയില്ല. എന്നാൽ, 68ാം മിനിറ്റിൽ റോബർട്ട് ആ​ൻഡ്രിച്ചിന്റെ ലോങ് റേഞ്ചർ മെയിൻസ് ഗോൾകീപ്പർ റോബിൻ സെന്റ്നറിന്റെ പിഴവിൽ വലയിൽ കയറിയതോടെ വിജയം ലെവൻകുസനൊപ്പം നിൽക്കുകയായിരുന്നു. മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ശേഷിക്കെ സാകയുടെ മു​ന്നേറ്റം മാരകമായി തടഞ്ഞ മെയിൻസ് താരം ജെസിക് എങ്കൻകാം ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഗോൾ മടക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയായി.

ബയേൺ മ്യൂണിക്കിനേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച ലെവർകുസന് 61 പോയന്റുള്ളപ്പോൾ 50 പോയന്റാണ് രണ്ടാമതുള്ള ബയേണിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള സ്റ്റട്ട്ഗർട്ടിന് 46ഉം നാലാമതുള്ള ബൊറൂസിയ ഡോട്ട്മുണ്ടിന് 41ഉം പോയന്റാണുള്ളത്.  

Tags:    
News Summary - 33 matches unbeaten; Leverkusen makes history in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.