മഞ്ചേരി: 75ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയ ഗുജറാത്ത് ടീമിന് മലയാളിക്കരുത്ത്. കേരളത്തിൽനിന്നുള്ള നാല് പേരാണ് ടീമിൽ ഇടംപിടിച്ചത്. ഗോൾകീപ്പർ മലപ്പുറം എടക്കര സ്വദേശി അജ്മൽ, പ്രതിരോധനിര താരങ്ങളായ പാലക്കാട് സ്വദേശി സിദ്ധാർഥ് നായർ, കോതമംഗലം സ്വദേശി മുഹമ്മദ് സാഗർ അലി, ചങ്ങനാശ്ശേരി സ്വദേശി ഡറിൻ ജോബ് എന്നിവരാണ് ഗുജറാത്തിനുവേണ്ടി ബൂട്ടുകെട്ടുന്നത്. നാലു പേരും അഹ്മദാബാദിലെ ക്യാമ്പിൽ പരിശീലനത്തിലാണ്. 20 അംഗ ടീം ബുധനാഴ്ച മലപ്പുറത്തേക്ക് തിരിക്കും. അജ്മൽ തമിഴ്നാടിനു വേണ്ടിയും സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. കേരളത്തിനായി അവസരം ലഭിച്ചെങ്കിലും പരിക്കുമൂലം കളിക്കാനായില്ല. സ്കൂൾ പഠനകാലത്തുതന്നെ ബൂട്ട് കെട്ടി വലക്കു മുന്നിൽ കോട്ടകാത്തു. പിന്നീട് സെവൻസ് മൈതാനങ്ങളിലും മികവ് തെളിയിച്ചു. തിരുച്ചിറപ്പള്ളിയിൽ പഠനം നടത്തുന്നതിനിടെ ഇന്ത്യൻ ബാങ്കിനു വേണ്ടി രണ്ടു വർഷത്തോളം അതിഥി കളിക്കാരനായി. 2013-14, 2015-16 വർഷങ്ങളിലാണ് തമിഴ്നാടിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചത്. ദേശീയ ഗെയിംസിനായും ബൂട്ടുകെട്ടി. സ്വന്തം നാടിന് വേണ്ടി കളിക്കുക എന്നതാണ് സ്വപ്നമെന്നും എന്നാൽ, നാട്ടുകാർക്കു മുന്നിൽ കളിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അജ്മൽ 'മാധ്യമ'ത്തോട് പറഞ്ഞു. ഗുജറാത്തിൽ ആദായ നികുതി വകുപ്പിൽ ജോലിചെയ്യുകയാണ്.
ഡറിൻ ജോബ് രണ്ടാം തവണയാണ് ഗുജറാത്തിന് വേണ്ടി കളിക്കുന്നത്. മുഹമ്മദ് സാഗർ അലി രണ്ടു വർഷമായി ഐ ലീഗ് സെക്കൻഡ് ഡിവിഷൻ കളിക്കുന്നുണ്ട്. സിദ്ധാർഥ് നായർ ആദ്യമായാണ് ഗുജറാത്തിന് വേണ്ടി കളിക്കുന്നത്. മാർസലീഞ്ഞോ പെരേരയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. 37 വർഷത്തെ നീണ്ട ഇടവേളക്കു ശേഷമാണ് ഗുജറാത്ത് ടീം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.