പന്തുരുളുന്നതിന് 12 വർഷം മുമ്പുതന്നെ 1986ലോകകപ്പിന് വേദിയായി കൊളംബിയയെ തിരഞ്ഞെടുത്തിരുന്നു. ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങളോടെയായിരുന്നു കൊളംബിയക്കാർ തങ്ങളുടെ മണ്ണിലേക്കെത്തിയ ലോകകപ്പിനെ വരവേറ്റത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയും ഭരണ പ്രതിസന്ധിയുമായപ്പോൾ, ലോകകപ്പ് ഒരുക്കങ്ങളിലേക്ക് ഒരു കല്ല് പോലും എടുത്തുവെക്കാൻ കൊളംബിയക്ക് ആയില്ല. ഒച്ചിഴയും വേഗത്തിലായിരുന്നു തയ്യാറെടുപ്പുകൾ. 16 ടീമുകളുടെ ടൂർണമെന്റ് എന്ന പ്രഖ്യാപനവുമായാണ് 1974ൽ കൊളംബിയക്ക് വേദി സമ്മാനിച്ചത്.
എന്നാൽ, 1982ൽ ടീമുകളുടെ എണ്ണം 24ആയി ഉയർത്താൻ ഫിഫ തീരുമാനിച്ചതോടെ ആതിഥേയരായ കൊളംബിയ ഉടക്കി. ഈ നിലയിൽ ടൂർണമെന്റിന് വേദിയൊരുക്കാൻ കഴിയില്ലെന്നായി കൊളംബിയ. ഇതോടെ തീരുമാനം മാറ്റാമെന്ന് ഫിഫ പ്രസിഡന്റ് ഹാവെലാഞ്ച് സമ്മതിക്കുകയും ചെയ്തു. പക്ഷേ, കൊളംബിയയുടെ മുടന്തൻ ന്യായങ്ങൾ മാറിയില്ല. ഫിഫയുമായി വീണ്ടും തർക്കമായി. ഫിഫ നിർദേശിക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാൻ തങ്ങൾക്ക് കഴിയിലെന്നായിരുന്നു നിലപാട്. ഒടുവിൽ ഈ മണ്ണിൽ ലോകകപ്പ് നടക്കിലെന്നുറപ്പിച്ചതോടെ പന്തുരുളാൻ ഏതാനു വർഷം മാത്രം ബാക്കിനിൽക്കെ ഫിഫയും കൊളംബിയയും രണ്ടു വഴിയായി. പുതിയ വേദികണ്ടെത്തി മുൻനിശയിച്ച തീയതിയിൽ തന്നെ ലോകകപ്പ് നടത്തിലായി രാജ്യാന്തര ഫുട്ബാൾ ഫെഡറേഷനു മുന്നിലെ വെല്ലുവിളി.
അടിയന്തര ബിഡ് നടപടികൾക്കു തുടക്കമായി. 1970 ലോകകപ്പിന് വേദിയായ മെക്സികോ, അമേരിക്ക, കാനഡ രാജ്യങ്ങളായിരുന്നു താൽപര്യം അറിയിച്ചത്. എന്നൽ, ചുരുങ്ങിയ ഇടവേളയിൽ ടൂർണമെന്റ് സംഘടിപ്പിക്കാൻ കഴിയുന്നവർ എന്ന നിലയിൽ ഫിഫക്ക് താൽപര്യം മെക്സികോ ആയിരുന്നു. ബിഡ് അപേക്ഷയിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി കാനഡയെയും അമേരിക്കയെയും തള്ളി 1986 ലോകകപ്പ് മെക്സികോക്ക് സമ്മാനിച്ചു. 1983 മേയ് 20നായിരുന്നു മെക്സികോയെ ആതിഥേയരായ പ്രഖ്യാപിക്കുന്നത്. ഫിഫയുടെ തീരുമാനം രാജ്യന്തര തലത്തിൽ വിവാദമായി. അമേരിക്കൻ ബിഡ്കമ്മിറ്റി തലവനായിരുന്ന മുൻ വിദേശകാര്യ സെക്രട്ടറി ഹെന്ററി കിസിഞ്ചർ അതിശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തി.
അതിനിടയിൽ തകൃതിയായ ഒരുക്കങ്ങളിലായിരുന്നു മെക്സികോ. ലോകകപ്പിലേക്ക് ചുരുങ്ങിയ നാളുകൾമാത്രം ബാക്കിനിൽക്കെ അവർ വേദികളും നഗരങ്ങളും മോടികൂട്ടി ഒരുങ്ങി. ഈ തയ്യാറെടുപ്പിനിടെയായിരുന്നു പന്തുരുളാൻ എട്ടു മാസം ബാക്കിനിൽക്കെ ശക്തമായ ഭൂമികുലുക്കം മെക്സികോയെ വലക്കുന്നത്. പ്രധാന നഗരിയായ ഗ്രേറ്റർ മെക്സികോയായിരുന്നു പ്രഭവകേന്ദ്രം. 1985 സെപ്റ്റംബറിലെ കുലുക്കത്തിൽ എട്ടായിരത്തോളം പേർ കൊല്ലപ്പെടുകയും 30,000 പേർക്ക പരിക്കേൽക്കുകയും ചെയ്തു. ലോകകപ്പ് നടക്കുമോ എന്ന് ആശങ്കപ്പെട്ടപ്പോൾ, സ്റ്റേഡിയങ്ങൾക്കൊന്നും കേടുപാടുകളിലെന്ന് വിലയിരുത്തി ടൂർണമെന്റുമായി മുന്നോട്ട് പോവുകയായിരുന്നു.
അങ്ങനെ, പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ചുരുങ്ങിയ കാലംകൊണ്ടു തന്നെ എട്ടു വേദികളിലായി ലോകപോരാട്ടത്തിന് മെക്സികോ വേദിയൊരുക്കി. ആ മണ്ണ് ഡീഗോയുടെയും അർജന്റീനയയുടെയും പ്രിയപ്പെട്ട ഇടമായി മാറിയത് ചരിത്രം.ഡീഗോയുടെ ദൈവത്തിന്റെ കൈയും നൂറ്റാണ്ടി ഗോളും പിറന്ന മണ്ണ്. പീറ്റർ ഷിൽട്ടന്റെ കണ്ണീരിൽ കുതിർന്ന ലോകകപ്പ്. പ്രാഥമിക റൗണ്ട് കടന്ന് കുതിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായ മൊറോക്കോ.. അങ്ങനെ ഒരുപിടി വിശേഷങ്ങളുള്ള ലോകകപ്പായി 1986 മെക്സികോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.