ദോഹ: പ്രമുഖ ടീമുകൾ ഏറ്റുമുട്ടുന്ന ക്ലബ് ഫുട്ബാൾ ലോകകപ്പ് കൂടുതൽ ആകർഷകമാക്കാനൊരുങ്ങി ഫിഫ. 2025 മുതൽ 32 ടീമുകളെ ഉൾപ്പെടുത്തി ഒരു മാസം നീളുന്ന ഫുട്ബാൾ മാമാങ്കമാണ് ലക്ഷ്യമിടുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റിനോ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വേദി തീരുമാനിച്ചിട്ടില്ലെന്ന് ഫിഫ കൗൺസിൽ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. 24 ടീമുകളെ ഉൾപ്പെടുത്തി 2020ൽ ചൈനയിൽ ക്ലബ് ലോകകപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. പിന്നീട് കോപ അമേരിക്കയും യൂറോ കപ്പും കാരണം മാറ്റിവെക്കുകയായിരുന്നു. നിലവിൽ പത്ത് ദിവസമായി നടക്കുന്ന ക്ലബ് ലോകകപ്പിൽ ഏഴ് ടീമുകളാണുള്ളത്. ഈ ഫോർമാറ്റിലുള്ള അവസാന ലോകകപ്പ് അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതൽ 11 വരെ മൊറോക്കോയിൽ നടക്കും. ഉത്തര അമേരിക്ക, ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ ക്വാർട്ടർ ഫൈനലിൽ കളിക്കുന്നതായിരുന്നു പതിവ്. ജയിക്കുന്ന രണ്ട് ടീമുകൾ യൂറോപ്, ദക്ഷിണ അമേരിക്ക ടീമുകളെ സെമിയിൽ നേരിടുന്നതായിരുന്നു രീതി. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയടക്കം ക്ലബുകൾ ഒരു മാസം നീളുന്ന ക്ലബ് ലോകകപ്പിന് അനുകൂലമല്ലെന്നാണ് സൂചന. 2026ൽ കാനഡ,യു.എസ്.എ, മെക്സികോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ 48 രാജ്യങ്ങളെ ഗ്രൂപ്പായി വിഭജിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇൻഫന്റിനോ പറഞ്ഞു. ഖത്തറിലേത് ഏറ്റവും മികച്ച ലോകകപ്പാണെന്നും ഫിഫ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.