വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പി.എസ്.ജിയുടെ മൊറോക്കോ താരം അഷ്റഫ് ഹകീമിക്കെതിരെ നടപടിയുമായി ഫ്രഞ്ച് പ്രോസിക്യൂഷൻ. യുവതി രേഖാമൂലം പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം.
കുടുംബം വീട്ടിലില്ലാത്ത സമയത്ത് ഹകീമി ആവശ്യപ്പെട്ട പ്രകാരം വീട്ടിലെത്തിയ തന്നെ ചുംബിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഒരു മാസത്തോളമായി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ തുടർന്ന സൗഹൃദത്തെ തുടർന്നായിരുന്നു വീട്ടിലേക്ക് വിളിച്ചത്. പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. സംഭവത്തെ കുറിച്ച് പി.എസ്.ജിയും താരവും പ്രതികരിച്ചിട്ടില്ല. ഔദ്യോഗികമായി പരാതി നൽകാത്തതിനാൽ അന്വേഷണം പൂർത്തിയായ ശേഷമേ തുടർ നടപടികളുണ്ടാകൂ. ഫെബ്രുവരി 26നാണ് യുവതി പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. പരാതി രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു.
മൊറോക്കോയെ ലോകകപ്പ് സെമിയിലെത്തിച്ച ടീമിലെ നിറസാന്നിധ്യമായിരുന്നു ഹകീമി. പി.എസ്.ജിക്കായി കളിക്കുന്ന താരം കഴിഞ്ഞ ദിവസം മാഴ്സെക്കെതിരെ തകർപ്പൻ ജയം കുറിച്ച ടീമിനൊപ്പം ഇറങ്ങിയിരുന്നില്ല. കാലിലെ പേശീവലിവായിരുന്നു പ്രശ്നം. സെലിബ്രിറ്റി താരമായ ഹിബ അബൂകാണ് ഹകീമിയുടെ പത്നി. രണ്ടുമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.