റിയാദ്: സൗദി പ്രോ ലീഗിൽ തകർപ്പൻ ഹാട്രിക്കോടെ ഗോൾവേട്ട തുടർന്ന് പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിലെ 64ാം ഹാട്രിക്കാണ് അൽ തായിക്കെതിരെ താരം സ്വന്തമാക്കിയത്. രണ്ടാം മഞ്ഞക്കാർഡ് കണ്ട് 36ാം മിനിറ്റിൽ തന്നെ വിർജിൻ മിസിദ്ജാൻ പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ അൽ തായിയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് അൽ നസ്ർ തകർത്തുവിട്ടത്.
20ാം മിനിറ്റിൽ ഒറ്റേവിയോയുടെ ലോങ് റേഞ്ചറിലൂടെയാണ് അൽനസ്ർ അക്കൗണ്ട് തുറന്നത്. എന്നാൽ, രണ്ട് മിനിറ്റിനകം അവരുടെ പത്താം നമ്പറുകാരൻ വിർജിൽ മിസിദ്ജാൻ അൽ തായിയെ ഒപ്പമെത്തിച്ചു. എന്നാൽ, ഗോളടിച്ച താരം തന്നെ പിന്നീട് പ്രതിനായകനായി. 14ാം മിനിറ്റിൽ പന്തിനായി ഉയർന്നുചാടുമ്പോൾ കൈ എതിർ താരം ഒറ്റേവിയോയുടെ തലയിൽ തട്ടിയതിന് മഞ്ഞക്കാർഡ് വാങ്ങിയ മിസിദ്ജാൻ 36ാം മിനിറ്റിൽ ഗോളടിക്കാനുള്ള ശ്രമത്തിനിടെ എതിർ ഗോൾകീപ്പർ ഓസ്പിനയുടെ മുഖത്ത് ചവിട്ടിയതിന് രണ്ടാം മഞ്ഞക്കാർഡും വാങ്ങി തിരിച്ചുകയറിയതോടെ അൽ തായി പിടിച്ചുനിൽക്കാൻ പാടുപെട്ടു. ഒന്നാം പകുതിയിലെ ഇഞ്ചുറി ടൈമിൽ സാദിയോ മാനെയുടെ ക്രോസിൽ അബ്ദുറഹ്മാൻ ഗരീബിന്റെ ഹെഡറിലൂടെ അൽ നസ്ർ ലീഡ് തിരിച്ചുപിടിക്കുകയും ചെയ്തു.
രണ്ടാം പകുതിയിലായിരുന്നു റൊണാൾഡോയുടെ മൂന്ന് ഗോളുകളും പിറന്നത്. 64ാം മിനിറ്റിൽ സാദിയോ മാനെ വലതുവിങ്ങിൽനിന്ന് നൽകിയ ക്രോസ് ഫസ്റ്റ് ടൈം ഫിനിഷിലൂടെ റൊണാൾഡോ ലീഡുയർത്തി. മൂന്ന് മിനിറ്റിനകം പോർച്ചുഗീസുകാരൻ രണ്ടാം ഗോളും നേടി. പോസ്റ്റിൽ തട്ടിത്തെറിച്ച പന്ത് ലഭിച്ച റൊണാൾഡോ അനായാസം വലയിലെത്തിക്കുകയായിരുന്നു. നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ റൊണാൾഡോ ഹാട്രിക്കോടെ പട്ടിക പൂർത്തിയാക്കുകയായിരുന്നു.
71 പോയന്റുമായി അൽ ഹിലാലാണ് പോയന്റ് പട്ടികയിൽ ഒന്നാമത്. രണ്ടാമതുള്ള അൽ നസ്‍റിന് 59 പോയന്റാണുള്ളത്. 48 പോയന്റുമായി അൽ അഹ്‍ലിയാണ് മൂന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.