അപ്രതീക്ഷിതമായതോ അസ്വാഭാവികതയോ ഇല്ലാത്ത ഒരു മത്സരം. ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ ആദ്യമത്സരത്തെ ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ വിലയിരുത്താം. അതിശക്തരായ ആസ്ട്രേലിയക്ക് വലിയ വെല്ലുവിളി ഒരിടത്തും ഉയര്‍ത്താതെ രണ്ടാം പകുതിയില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ പരാജിതരായി ടൂര്‍ണമെന്റിന് ആരംഭം കുറിച്ചു. തോല്‍വിക്കപ്പുറം ഇതിലും നന്നായി ഈ മത്സരത്തെ പരിചരിക്കാമായിരുന്നു എന്നൊരു ചിന്ത കാണികളിലുണ്ടാക്കും വിധമുള്ള പ്രകടനമായിരുന്നു അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തില്‍ നടന്നത്.
പരിക്കിന്റെ പിടിയിലുള്ള പ്രമുഖ യുവതാരങ്ങളുടെ അഭാവം മറച്ചു പിടിക്കാനാവും വിധം തയാറാക്കിയ ഇന്ത്യന്‍ കളിശൈലിക്ക് വലിയ ഭീഷണി ഉയര്‍ത്താതെ ആസ്ട്രേലിയ വിള്ളലുകളെ തുറന്നെടുക്കാന്‍ സമയമെടുത്ത് ക്ഷമയോടെ കളിച്ചതിനാല്‍ ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇടവേളക്ക് തൊട്ടുമുമ്പ് വലത് വിങ്ങിലൂടെ നടത്തിയ പ്രത്യാക്രമണത്തിനൊടുവില്‍ മനോഹരമായൊരു ക്രോസ്ബാളിന് സുനില്‍ ഛേത്രി തലവെച്ചതാണ് ടീം ഇന്ത്യയുടെ ഓര്ക്കാവുന്നൊരു ആക്രമണനിമിഷം. പലപ്പോഴും കോട്ടകെട്ടി വെച്ച ഇന്ത്യന്‍ പ്രതിരോധത്തെ പരിക്ഷീണിപ്പിക്കും വിധം പരീക്ഷിക്കാന്‍ ആസ്ട്രേലിയക്കായെങ്കിലും ലക്ഷ്യം മാറിനിന്നു. പൂര്‍ണമായും പഴിചാരാനാവാത്ത വിധമുള്ള വിഭവശേഷിയുപയോഗിച്ച് ഇന്ത്യ സ്ഥാനക്രമീകരണങ്ങളോടെ വശങ്ങളിലൂടെ വേഗത്തില്‍ പന്ത് കൈമാറി മുന്നേറിയ സോക്കറൂസുകാരെ ഒന്നാം പകുതിയില്‍ തടഞ്ഞുനിര്‍ത്തിയത് ശ്രദ്ധേയമായി.
കളിയെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ഇത്രയും പ്രധാനമായൊരു ടൂര്‍ണമെന്റിന് വേണ്ടവിധം തയാറെടുപ്പുണ്ടായോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആക്രമണനിരയില്‍ തിളങ്ങാറുള്ള ചാങ്തെ, അപൂയ, സുരേഷ് എന്നിവരെ മധ്യഭാഗത്തെ പ്രതിരോധത്തിനായി ആസ്ട്രേലിയ പോലൊരു ടീമിനെതിരെ ഉപയോഗിക്കുക എന്നത് സ്വാഭാവികമായ പദ്ധതി തന്നെയാണ്. കോച്ചിന്റെ ഈ നീക്കത്തെ കളത്തില്‍ നിവർത്തിച്ചെടുക്കാന്‍ മൂന്നുപേര്ക്കുമായില്ല എന്നത് വ്യക്തമാണ്. തീര്‍ത്തും അപരിചിതമായൊരു ശരീരഭാഷയിലാണ് താംഗ്രിയടക്കമുള്ള മധ്യനിര ശാരീരികക്ഷമതയില്‍ മുന്നാക്കമുള്ള ഓസീസ് ആക്രമണനിരക്കെതിരെ പ്രകടിപ്പിച്ചത്. ഒന്നോ രണ്ടോ തവണയിലൊഴികെ മൈതാനത്ത് പന്തു നേടിയെടുക്കുകയോ, കൈവശം വെക്കുകയോ, മറ്റൊരു നീക്കത്തിന് തുടക്കമിടുകയോ ചെയ്യാന്‍ ഒരാള്ക്കുമായില്ലെന്നത് അടുത്ത മത്സരങ്ങളുടെ സാധ്യതകള്‍ക്ക് നിഴല്‍ വീഴ്ത്തുന്നതാണ്.ആസ്ട്രേലിയ നേടിയ രണ്ട് ഗോളുകളിലും ഇന്ത്യന്‍ ഗോള്‍കീപ്പറുടെയും പ്രതിരോധത്തിന്റെയും പിഴവുകള്‍ക്ക് പഴിയേല്ക്കേണ്ടതുണ്ട്. അത്രമേല്‍ ഭീഷണിയുയര്‍ത്താത്ത നീക്കങ്ങളായിരുന്നു ഗോളില്‍ കലാശിച്ചത്.
ഓസീസിന്റെ ആക്രമണ-പ്രതിരോധങ്ങളുടെ വേഗമേറിയ പരിവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ കളിക്കാരെ പലപ്പോഴും കെട്ടില്ലാപ്പട്ടം പോലെയാക്കിയതും, വീണ്ടെടുക്കുന്ന പന്തുകളെ നിയന്ത്രണത്തിലാക്കി പ്രത്യാക്രമണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയാതെ പോയതും കോച്ച് ഇഗോര്‍ സ്റ്റിമാക് പ്രസക്തമായി തന്നെ പരിഗണിക്കുമെന്നാണ് വിചാരിക്കുന്നത്. ആദ്യപകുതിയില്‍ പിടിച്ചുനിന്ന പ്രതിരോധത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ ആസ്ട്രേലിയക്ക് കുറെക്കൂടി എളുപ്പത്തില്‍ പ്രതിരോധരേഖയെ ഭേദിക്കുന്ന സ്ഥാനചലനങ്ങള്‍ കൊണ്ട് സാധിച്ചു. ഇടവേളക്ക് ശേഷം തളർന്ന ശരീരഭാഷ പ്രകടിപ്പിച്ച ഇന്ത്യ ഒറ്റക്കൊറ്റക്ക് വരുന്ന അവസരങ്ങളിലെല്ലാം എളുപ്പത്തില്‍ നിഷ്പ്രഭമാകുന്നതാണ് കാണാനായത്. അനന്തരഫലമായാണ് പിഴവുകളും ഗോളുകളും വഴങ്ങിയത്. ഏത് ടീമിനെതിരെയും ഈയിടെയായി നന്നായി കളിക്കാനുള്ള മനോനില പ്രകടിപ്പിക്കാറുള്ള ഇന്ത്യ വരും മത്സരങ്ങളില്‍ ആ തലത്തിലേക്ക് ഉയരുമെന്ന് തന്നെയാണ് വിചാരിക്കുന്നത്. പ്രതീക്ഷാസമ്മര്ദം ഒരല്പം അധികമുള്ള അടുത്ത മത്സരങ്ങളില്‍ കോച്ചിന്റെ പദ്ധതികളെ കളത്തില്‍ മനോഹരമായി നടപ്പില്‍ വരുത്തുമെന്ന് തന്നെയാണ് വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.