കൊൽക്കത്ത: ഗ്രൂപ് ഡിയിലെ അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെ നേരിടുന്നതിന് മണിക്കൂറുകൾ മുമ്പേ 2023ലെ എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടിയിരുന്നു ഇന്ത്യ. ഗ്രൂപ് ബി മത്സരത്തിൽ ഫലസ്തീൻ എതിരില്ലാത്ത നാലു ഗോളിന് ഫിലിപ്പീൻസിനെ തോൽപിച്ചതോടെയാണിത്. യോഗ്യത റൗണ്ടിലെ ആറ് ഗ്രൂപ് ജേതാക്കൾക്കും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാർക്കുമാണ് ബെർത്ത്.
ഫലം അപ്രസക്തമായ കളിയിൽ രാത്രി ഹോങ്കോങ്ങിനെതിരെ ആതിഥേയർ നേടിയത് എതിരില്ലാത്ത നാലു ഗോളിന്റെ ആധികാരിക ജയം. കളി തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ അൻവർ അലി അക്കൗണ്ട് തുറന്നു. സാൾട്ട് ലേക്കിൽ തിമിർത്തുപെയ്ത മഴയെയും അവഗണിച്ച് കളി തുടർന്നപ്പോൾ 45ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി, 85ാം മിനിറ്റിൽ മൻവീർ സിങ്, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ സൂപ്പർ സബ് ഇഷാൻ പണ്ഡിത എന്നിവരും സ്കോർ ചെയ്തു. മൂന്നിൽ മൂന്നു മത്സരവും ജയിച്ച് ഒമ്പതു പോയന്റോടെ ഇന്ത്യ ഗ്രൂപ് ജേതാക്കൾ.
ഹോങ്കോങ്ങും യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യ തുടർച്ചയായ രണ്ടു തവണ വൻകരയുടെ ഫുട്ബാൾ പോരാട്ടത്തിന് ടിക്കറ്റെടുക്കുന്നത് ഇതാദ്യമാണ്. നാലു പ്രാവശ്യം ഏഷ്യൻ കപ്പ് കളിച്ചിട്ടുണ്ട്. 1964, 1984, 2011, 2019 വർഷങ്ങളിലാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ പന്തുതട്ടിയത്. 1964ൽ നാലു ടീമുകൾ മാത്രം പങ്കെടുത്തപ്പോൾ രണ്ടാം സ്ഥാനക്കാരായതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. ബാക്കി മൂന്നു പ്രാവശ്യവും നോക്കൗട്ട് റൗണ്ടിലേക്കു കടക്കാതെ ഗ്രൂപ്പിൽ അവസാനക്കാരായി മടങ്ങുകയായിരുന്നു. മൂന്നു റൗണ്ടുകളിൽനിന്നാണ് യോഗ്യരെ നിശ്ചയിക്കുന്നത്. ആകെ 24 ടീമുകളാണ് കളിക്കുക. ആദ്യ രണ്ടു റൗണ്ടുകൾ കഴിഞ്ഞപ്പോൾ 13 എണ്ണം യോഗ്യത നേടി.
രണ്ടാം റൗണ്ടിലാണ് ഇന്ത്യ തുടങ്ങിയത്. ഖത്തർ, ഒമാനടക്കമുള്ള ഗ്രൂപ്പിൽ ഒരു ജയവും നാലു സമനിലയും മൂന്നു തോൽവിയും വാങ്ങി മൂന്നാമതായി. ഇതോടെയാണ് ഇന്ത്യ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്കെത്തിയത്. ആദ്യ കളിയിൽ കംബോഡിയയെും രണ്ടാമത്തെ മത്സരത്തിൽ അഫ്ഗാനിസ്താനെയും തോൽപിച്ചു. ഇക്കൊല്ലം നടക്കേണ്ടതായിരുന്നു മത്സരങ്ങൾ. കോവിഡ് ഭീഷണിയിൽ 2023ലേക്കു മാറ്റി. ചൈനയാണ് വേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും അവർ പിന്മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.