ഷൂട്ടൗട്ടിൽ സൗദി വീണു; കൊറിയ ക്വാർട്ടറിൽ

ദോഹ: എജുക്കേഷൻ സിറ്റി സ്​റ്റേഡിയത്തെ ആരവങ്ങളാൽ നിറച്ച സൗദി ആരാധകരെ നിശബ്​ദരാക്കി, പെനാൽട്ടി ഷൂട്ടൗട്ടിലെ ത്രസിപ്പിക്കുന്ന ജയ​ത്തോടെ ദക്ഷിണ കൊറിയ ഏഷ്യൻ കപ്പ്​ ഫുട്​ബാൾ ക്വാർട്ടറിൽ . നിശ്​ചിത സമയത്തും അധികസമയത്തുമായി 1-1ന്​ സമനിലയിൽ പിരിഞ്ഞ മത്സരത്തിന്‍റെ ഷൂട്ടൗട്ടിൽ 4-2നായിരുന്നു കൊറിയൻ ജയം. സൗദിയുടെ രണ്ട്​ കിക്കുകൾ തടഞ്ഞ ഗോൾ കീപ്പർ ജോ വൂ യോൻ രക്ഷകനായി. കളിയുടെ 46ാം മിനിറ്റിൽ അബ്​ദുല്ല റാദിഫായിരുന്നു സൗദിയുടെ ഗോൾ നേടിയത്​. തുടർന്ന്​, സമനിലക്കായി പോരാടിയ കൊറിയ ഇഞ്ചുറി ടൈമിൻെറ അവസാന മിനിറ്റിൽ ചോ സുങ്​ ഗുവിൻെറ ഹെഡ്​ഡർ ഗോളിലാണ്​ തിരിച്ചെത്തിയത്​.

ആവേശപ്പോരാട്ടം

ഗോൾരഹിതമായി പിരിഞ്ഞ ഒന്നാം പകുതിക്കു ശേഷം കളി തുടങ്ങിയത്​ സൗദിയുടെ ഗോളാഘോഷത്തോടെയായിരുന്നു. സാലിഹ്​ അൽ ഷെഹ്​രിക്കു പകരക്കാരനായെത്തിയ മുന്നേറ്റക്കാരൻ അബ്​ദുല്ല റാദിഫ്​ സബ്​സ്​റ്റിറ്റ്യൂഷൻ വരവ്​ അറിയിച്ചതു തന്നെ ഗോളിലൂടെ. സാലിം അൽ ദൗസരി നൽകിയ ക്രോസിൽ പന്ത്​ പിടിച്ചെടുത്ത റാദിഫിനെ പിടിക്കാൻ കൊറിയൻ പ്രതിരോധത്തിലെ കരുത്തനായ കിം ജേ മിന്നിനും കൂട്ടുകാർക്കും കഴിഞ്ഞില്ല. സ്​പ്രിൻറ്​ റൺ നടത്തിയ റാദിഫിൻെറ ഷോട്ട്​, ഗോളി വു ജു യോനിനെയും മറികടന്ന്​ വലയിൽ. അങ്ങനെ, ആദ്യ ടച്ചു തന്നെ വലയിലെത്തിച്ചാണ്​ റാദിഫ്​ സൗദിയെ ഉണർത്തിയത്​.

ലീഡു വഴങ്ങിയതിനു പിന്നാലെ, എങ്ങനെയും തിരിച്ചടിക്കാനുള്ള പോരാട്ടത്തിലായി ദക്ഷിണ കൊറിയ. പ്രതിരോധത്തിലേക്ക്​ നീങ്ങിയ സൗദിയുടെ ​പെനാൽറ്റി ബോക്​സിനു ചുറ്റും, കടന്നൽ കൂട്ടം പോലെ സൺ ഹ്യൂങ്​ മിനും ലീ കാങും കിം തായ്​വാനും ഇരമ്പിയാർത്തു. ഹൈബാളുകൾ നൽകി, നിരന്തരം ആക്രമിച്ചെങ്കിലും മിന്നും ഫോമിലായിരുന്നു സൗദി ഗോൾകീപ്പർ അഹമ്മദ്​ അൽ കാസിറിൽ തട്ടി എല്ലാം അകന്നു. ഇരു വിങ്ങുകളിലുമായി ഉതിർത്ത ഷോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല.

ഒടുവിൽ ഒരു ഗോളിൻെറ ലീഡിൽ തൂങ്ങി സൗദി ക്വാർട്ടറിലേക്കെന്നുറപ്പിച്ച നിമിഷം, ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ യുങ്​ വു സിയോളിൻെറ ഹെഡ്​ഡറിനെ വലയിലാക്കി ചോ സുങ്​ ഗു കൊറിയയെ കളിയി​േലക്ക്​ തിരികെയെത്തിച്ചു. തുടർന്ന്​ എക്​സ്​ട്രാ ടൈമിലേക്ക്​ നീങ്ങിയ കളിയിലും ഇരു പക്ഷത്തിനും ഗോളുകൾ നേടാനായില്ല.

Tags:    
News Summary - afc asian football 2023: Saudi lost in shootout; In the Korea Quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.