മഡ്ഗാവ്: എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഖത്തര്‍ ക്ലബ് അല്‍ റയ്യാനെതിരെ ചരിത്ര സമനിലയുമായി എഫ്.സി ഗോവ. ആവേശകരമായ മത്സരത്തിൽ കരുത്തരെ ഗോൾരഹിത സമനിലയിൽ തളച്ച് ഗോവ വിലപ്പെട്ട ഒരു പോയൻറ് സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ഘട്ടത്തില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബെന്ന നേട്ടം സ്വന്തമാക്കിയ ഗോവ ടീം അല്‍ റയ്യാനെതിരെ ഇഞ്ചോടിഞ്ച് പോരാടിയാണ് പിടിച്ചുനിന്നത്.
ഒരു പോയൻറ് നേടിയതോടെ, എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ പോയൻറ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബെന്ന ചരിത്ര നേട്ടവും എഫ്.സി ഗോവ സ്വന്തം പേരിലാക്കി. മുന്‍ ലോകകപ്പ് ജേതാവും പി.എസ്.ജിയുടെ മുന്‍ പരിശീലകനുമായിരുന്ന ലോറൻറ് ബ്ലാങ്കായിരുന്നു അൽ റയ്യാെൻറ കോച്ച്. 2022 ലോകകപ്പിൽ ഖത്തറിനായി ടീമിൽ ഇടം ഉറപ്പിച്ച ഒരുപിടി താരങ്ങളുമായാണ് അൽ റയ്യാൻ ഇറങ്ങിയത്. ഒപ്പം, മുൻ എഫ്.സി പോർട്ടോ താരം യാസിൻ ബ്രാഹ്മി, ഐവറി കോസ്റ്റിെൻറ യോഹാൻ ബൗളി, അർജൻറീന താരം ഗബ്രിയേൽ മെർകാഡോ തുടങ്ങിയ താരങ്ങളും അണിനിരന്നു. എന്നാൽ, ഗോവയുടെ ഇവാൻ ഗറീഡോ, ജെയിംസ് ഡോണെച് എന്നിവർ നേതൃത്വം നൽകിയ ഗോവൻ പ്രതിരോധം മനോഹരമായി എതിരാളികളെ തടഞ്ഞു.
യുവതാരം ധീരജ് സിങ്ങായിരുന്നു ഗോവയുടെ വല കാത്തത്. പ്രതിരോധം പൊളിക്കാൻ ലോറൻറ് ബ്ലാങ്ക് ടീമിൽ പലമാറ്റങ്ങളും വരുത്തിയെങ്കിലും കാര്യമുണ്ടായില്ല. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ഗ്രൂപ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് ഗോവന്‍ ടീമിന് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ലഭിച്ചത്.
ഗോവ, അൽ റയ്യാൻ എന്നിവരോടൊപ്പം യു.എ.ഇ ടീം അൽ വഹ്ദ, ഇറാൻ ടീം പേർസ് പോളിസ് എന്നിവരാണ് ഗ്രൂപ് 'ഇ'യിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.