എ.ഐ.എഫ്.എഫ് തെരഞ്ഞെടുപ്പ്: 20 പേർ രംഗത്ത്

ന്യൂഡൽഹി: സെപ്റ്റംബർ രണ്ടിന് നടക്കുന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 20 പേർ മത്സരരംഗത്ത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് രണ്ടു പേർ വീതമാണുള്ളത്.

14 നിർവാഹക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ഇത്രയും പേരുടെ പത്രികയേയുള്ളൂവെന്നതിനാൽ ഇവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ദേശീയ ടീം ക്യാപ്റ്റൻ ബൈച്യുങ് ബൂട്ടിയ, മുൻ താരവും പ്രമുഖ ബി.ജെ.പി നേതാവുമായ കല്യാൺ ചൗബെ എന്നിവരാണ് രംഗത്തുള്ളത്. കർണാടക കോൺഗ്രസ് എം.എൽ.എ എൻ.എ. ഹാരിസ് വൈസ് പ്രസിഡൻറാവുമെന്ന് ഏറക്കുറെ ഉറപ്പിച്ചിരിക്കെയാണ് രാജസ്ഥാൻ അസോസിയേഷൻ പ്രസിഡന്റും ഇതേ പാർട്ടിയുടെ നേതാവുമായ മൻവേന്ദ്ര സിങ് മത്സരരംഗത്തെത്തിയിരിക്കുന്നത്.

അരുണാചൽ പ്രദേശിൽ നിന്ന് കിപ അചയും ആന്ധ്രപ്രദേശ് പ്രതിനിധിയായി ഗോപാൽകൃഷ്ണ കൊസാരാജുവും ട്രഷറർ സ്ഥാനത്തേക്കും പത്രിക നൽകി. കൊസാരാജു പിന്മാറാൻ സന്നദ്ധനായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. പി. അനിൽകുമാറാണ് എ.ഐ.എഫ്.എഫ് നിർവാഹക സമിതി അംഗങ്ങളിൽ കേരളത്തിന്റെ പ്രതിനിധിയാവുക. 

സിക്കിം അസോ. തന്നെ പിന്തുണക്കാത്തതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളെന്ന് ബൂട്ടിയ

ഗാങ്ടോക്: സ്വന്തം നാടായ സിക്കിമിലെ ഫുട്ബാൾ അസോസിയേഷൻ തന്നെ പിന്തുണക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ബൈച്യുങ് ബൂട്ടിയ ആരോപിച്ചു. അസോസി‍യേഷൻ പ്രസിഡന്റ് എതെൻപയെ ഭരണകക്ഷിയായ സിക്കിം ക്രാന്തകാരി മോർച്ചയിലെ നേതാക്കൾ തനിക്കെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. ആ വോട്ട് ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ ഇടപെടൽ ഫുട്ബാൾ വികസനം തകർക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    
News Summary - AIFF Election: 20 people are in the field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.