റഫറിമാരെ ‘ശരിയാക്കാൻ’ ‘എ.വി.ആർ.എസ്’ വരുന്നു

മുംബൈ: പഴിയേറെ കേട്ട റഫറീയിങ് രസംകൊല്ലികളായി മാറിയതോടെ മുൻനിര ടൂർണമെന്റുകളിൽ ‘വാറി’ന്റെ ഇന്ത്യൻ വകഭേദം പരീക്ഷിക്കാനൊരുങ്ങി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. അഡീഷനൽ വിഡിയോ റിവ്യൂ സിസ്റ്റം അഥവാ ‘എ.വി.ആർ.എസ്’ എന്ന പേരിൽ വിഡിയോ സഹായം പ്രയോജനപ്പെടുത്തി കളിയിലെ തീരുമാനങ്ങൾ കുറ്റമറ്റതാക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത് ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ ആണ്.

റഫറിമാർ ആവശ്യപ്പെടുമ്പോൾ വിവിധ ദിശകളിൽനിന്നായി കൂടുതൽ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ നോക്കി തീർപ്പുകൽപിക്കുന്നതാകും രീതി. ‘തീരുമാനം അന്തിമമായെടുക്കുന്നതിൽ സാങ്കേതികതയുടെ സഹായംകൂടി തേടാൻ മാച്ച് റഫറിമാർക്ക് അവസരമൊരുക്കി തെറ്റുകൾ പരമാവധി കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യ’മെന്ന് ചൗബേ പറയുന്നു. ശരിക്കും ‘വാർ’ നടപ്പാക്കലാണ് ലക്ഷ്യമെങ്കിലും ആദ്യഘട്ടമെന്ന നിലക്ക് ഇന്ത്യ പോലൊരു രാജ്യത്ത് എ.വി.ആർ.എസ് ആകും കൊണ്ടുവരിക.

‘വാർ’ നടപ്പാക്കുമ്പോൾ ഫിഫ നിർദേശിച്ച കടുത്ത മാനദണ്ഡങ്ങൾ പാലിക്കാൻ സാമ്പത്തികമായും അടിസ്ഥാനസൗകര്യപരമായും പരിമിതികൾ നിലനിൽക്കുന്നുണ്ട്. ഫുട്ബാൾ കളിക്കുന്ന 211 രാജ്യങ്ങളിൽ 30 ശതമാനം മാത്രമാണ് -അതും യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും- നിലവിൽ ‘വാർ’ നടപ്പാക്കിയിട്ടുള്ളത്. ചൗബേയുടെ പുതിയ പരീക്ഷണത്തിന് ഫിഫ അംഗീകാരം നൽകണമെന്ന കടമ്പ ബാക്കിയുണ്ട്.

Tags:    
News Summary - AIFF evaluates possibility of implementing AVRS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.