ഷാജി പ്രഭാകരനെ പുറത്താക്കിയത് ചർച്ച ചെയ്യാൻ നാളെ എ.ഐ.എഫ്.എഫ് യോഗം

ന്യൂഡൽഹി: സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനെ പുറത്താക്കിയത് ചർച്ച ചെയ്യാൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച ചേരും. ‘ഡോ. ഷാജി പ്രഭാകരനെ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് പിരിച്ചുവിടലും സർവിസ് അവസാനിപ്പിക്കലും’ എന്ന് യോഗത്തിന്റെ അജണ്ടയിൽ പറയുന്നുണ്ട്. യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ഷാജി വാർത്ത ഏജൻസിയോട് പറഞ്ഞു.

സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും വിളിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2023 നവംബർ ഏഴിനാണ് വിശ്വാസലംഘനം ആരോപിച്ച് ഷാജിയെ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് നീക്കിയത്. എന്നാൽ, ഡിസംബർ എട്ടിന് ഡൽഹി ഹൈകോടതി തീരുമാനം ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു.

ഫെഡറേഷന്റെ അടിയന്തര യോഗമാണ് തീരുമാനമെടുത്തതെന്നും പിരിച്ചുവിടാനുള്ള അധികാരം നിർവാഹക സമിതിക്കേയുള്ളൂവെന്നും ജനുവരി 19ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. താൻ ഇപ്പോഴും എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറലാണെന്നും തന്റെ ഭാഗം വിശദീകരിക്കാൻ യോഗത്തിലേക്ക് ക്ഷണിക്കണമെന്നും ഷാജി കത്തിൽ പറഞ്ഞിരുന്നു. ‘‘ഞാനെന്തെങ്കിലും തെറ്റ് ചെയ്തെന്ന തരത്തിൽ ഉയരാനുള്ള എല്ലാ ചോദ്യങ്ങൾക്കും ആത്മാർഥമായി ഉത്തരം നൽകാൻ ആഗ്രഹിക്കുന്നു.

ഒരു തെളിവുമില്ലാതെ നിരുത്തരവാദപരവും നിസ്സാരവുമായ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ആരെങ്കിലും എന്റെ വിശ്വാസ്യത നശിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽ ഞാൻ മാറിനിൽക്കുകയും അതിന് അനുവദിക്കുകയും ചെയ്യണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരിക്കലും ക്രമക്കേടുകളുടെ ഭാഗമായിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബാളാണ് ദൈവം’’ -അദ്ദേഹം ഓരോ അംഗത്തിനും നൽകിയ കത്തിൽ തുടർന്നു.

Tags:    
News Summary - AIFF meeting to discuss dismissal of Shaji Prabhakaran tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.