ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കി. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനാണ് തീരുമാനമെടുത്തത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെയാണ് തീരുമാനം. ജൂൺ 11ന് ഖത്തറിനെതിരെ നടന്ന മത്സരത്തിൽ 2-1ന് തോറ്റതോടെ 2026 ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ നിന്ന് ഇന്ത്യ പുറത്തായത്. മത്സരത്തിൽ ജയിച്ചിരുന്നുവെങ്കിൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് മുന്നേറാമായിരുന്നു.
മത്സരത്തിലെ തോൽവിയോടെ ലോകറാങ്കിൽ 125ാം സ്ഥാനത്തേക്ക് ഇന്ത്യ വീണിരുന്നു. ലോകറാങ്കിങ്ങിൽ ഇന്ത്യക്ക് 5.1 പോയിന്റ് നഷ്ടമാവുകയും ചെയ്തിരുന്നു. 1144.5ൽ നിന്ന് 1139.4 പോയിന്റ് ആയാണ് കുറഞ്ഞത്. ഖത്തറിനെതിരായ മത്സരത്തിൽ ഒന്നാം പകുതിയിൽ മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു ഇന്ത്യ തോറ്റത്. രണ്ടാം പകുതിയിൽ ഖത്തർ നേടിയ രണ്ട് ഗോളുകളാണ് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളെ തല്ലിക്കെടുത്തിയത്.
സ്റ്റിമാകിന്റെ പരിശീലനത്തിൽ ഇന്ത്യൻ ടീം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചുവെങ്കിലും നിർണായക കളികളിൽ കാലിടറിയത് തിരിച്ചടിയായിരുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറാൻ കഴിയാത്തത് സ്റ്റിമാകിന് ക്ഷീണമായിരുന്നു. 2027ലെ ഏഷ്യ കപ്പ് യോഗ്യതയാണ് ഇനി ടീം ഇന്ത്യക്ക് മുന്നിലുള്ള പ്രധാന കടമ്പ.
ഇന്ത്യൻ ഫുട്ബാൾ ടീമിനെ ഇത്രയുംകാലം പരിശീലിപ്പിച്ച സ്റ്റിമാകിനോട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നന്ദി പറഞ്ഞു. പുതിയ കോച്ചിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഫെഡറേഷൻ ഭാരാവാഹികൾ അറിയിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിൽ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് ഉടൻ തുടക്കം കുറിക്കുമെന്നും അഖിലേന്ത്യ ഫെഡറേഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.