ന്യൂഡൽഹി: ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബാൾ താരമായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് സഹ പരിശീലകനെ സസ്പെൻഡ് ചെയ്ത് നാട്ടിലേക്ക് തിരിച്ചുവിളിച്ചു. ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ടീമിപ്പോൾ നോർവേയിലാണ്.
സഹ പരിശീലകനായ അലക്സ് ആംബ്രോസ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ഭരണം കൈയാളുന്ന കാര്യനിർവഹണസമിതി വിഷയം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
ടീമുമായി ബന്ധം വിച്ഛേദിക്കാനും നാട്ടിലെത്തിയാലുടൻ തുടർ അന്വേഷണങ്ങൾക്കായി നേരിട്ട് ഹാജരാവാനും ആംബ്രോസിന് നിർദേശം നൽകി.
വനിതാ ദേശീയ ടീമുകളുമായി ബന്ധപ്പെട്ട് ലൈംഗികാരോപണമുൾപ്പെടെയുള്ള പരാതികൾ വർധിക്കുകയാണ്. പരിശീലകർക്കെതിരെ ഈയിടെ വനിത സൈക്ലിങ്, സെയ്ലിങ്, ജൂഡോ താരങ്ങൾ പരാതി നൽകിയിരുന്നു. എല്ലാ സംഭവങ്ങളും നടന്നത് വിദേശപര്യടനത്തിനിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.