ആംസ്റ്റർഡാം: അയാക്സിന്റെ സ്വന്തം തട്ടകമായ ജോഹാൻ ക്രൈഫ് അറീനയിൽ നാടകീയമായ രംഗങ്ങൾ. ഡച്ച് ലീഗിൽ മൂന്ന് ഗോളിന് പിറകെപോയ ഫയനൂർഡിനെതിരായ മത്സരത്തിൽ അയാക്സ് ആരാധകർ നിയന്ത്രണം വിട്ടു. ഗ്രൗണ്ട് കൈയേറി ആരാധകർ ആക്രമണം അഴിച്ചുവിട്ടതോടെ മത്സരം ഉപേക്ഷിച്ചു.
ഇരട്ടഗോൾ നേടിയ സാന്റിയാഗോ ഗിമനസും ഇഗോറും ആദ്യ പകുതിയിൽ തന്നെ അയാക്സിന് കനത്ത പ്രഹരമേൽപ്പിച്ചിരുന്നു. 3-0 ന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച ഫയനൂർഡിനെ മത്സരം പൂർത്തിയാക്കാൻ അയാക്സ് ആരാധകർ അനുവദിച്ചില്ല. ഗ്രൗണ്ടിലേക്ക് പടക്കങ്ങൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആരാധകർ ഗ്രൗണ്ടിലിറങ്ങുകയും ചെയ്തതോടെ മത്സരം 56ാം മിനിറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.
മത്സരം നിർത്തിയതിനെ തുടർന്ന് ഗ്യാലറിയിലും സ്റ്റേഡിയത്തിന് പുറത്തു തമ്പടിച്ച് അക്രമം തുടർന്ന ആരാധകരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചാണ് തുരത്തിയത്. സ്റ്റേഡിയം അടിച്ച് തകർക്കുന്ന അക്രമികളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുടങ്ങിയ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള ആലോചനയിലാണ് അധികൃതർ.
പുതിയ സീസണിലും അയാക്സ് മോശം ഫോം തുടരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഈ സീസണിൽ നാല് കളിയിൽ ഒരു ജയം മാത്രം കയ്യിലുള്ള അയാക്സ് പോയിന്റ് പട്ടികയിൽ 14ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.