ദോഹ: സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാന്ത്രികതക്ക് കാർതോർത്തിരുന്ന ഖത്തറിലെ ഖലീഫ ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിലെ കാണികൾക്ക് മുൻപിൽ ബ്രസീൽ സൂപ്പർതാരങ്ങൾ നിറഞ്ഞാടുകയായിരുന്നു.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഖത്തറിലെ കരുത്തരായ അൽദുഹൈലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സൗദിയുടെ അൽ നസ്ർ പരാജയപ്പെടുത്തി. അൽ നസ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയില്ല.
അൽ നസ്റിന്റെ ബ്രസീൽ മിഡ്ഫീൽഡർ ആൻഡേഴ്സൺ ടാലിസ്കയുടെ ഹാട്രിക് മികവിലാണ് ദുഹൈലിനെ തകർത്തത്. ഇരട്ട ഗോളുമായ ദുഹൈലിന്റെ ബ്രസീലിയൻ സ്ട്രൈക്കർ ഫിലിപ്പ് കുട്ടീഞ്ഞോ മറുപടി നൽകിയെങ്കിലും ഒരു ഗോളിന്റെ ലീഡുമായി അൽ നസ്ർ ജയിച്ചു കയറുകയായിരുന്നു.
എട്ടാം മിനിറ്റിൽ കുട്ടീഞ്ഞോയിലൂടെ അൽ ദുഹൈലാണ് ആദ്യ ലീഡെടുക്കുന്നത്. 27ാം മിനിറ്റിൽ ടാലിസ്കയിലൂടെ അൽ നസ്ർ മറുപടി ഗോൾ നേടി. 37ാം മിനിറ്റിൽ ടെലിസ്ക ലീഡ് ഇരട്ടിയാക്കി (2-1).
ഒരു ഗോളിന്റെ ലീഡുമായി ആരംഭിച്ച രണ്ടാം പകുതിയിൽ 65ാം മിനിറ്റിൽ ടാലിസ്ക് വീണ്ടും ഗോൾ നേടിയതോടെ രണ്ടുഗോൾ വ്യത്യാസത്തിൽ അൽ നസ്ർ വ്യക്തമായ ആധിപത്യം പുലർത്തി (3-1). 80ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കുട്ടീഞ്ഞോ ദുഹൈലിനായി രണ്ടാം ഗോൾ നേടിയെങ്കിലും ജയം അൽ നസ്റിനൊപ്പമായിരുന്നു.
ഈ മത്സരത്തിലെ വിജയത്തോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ നാലും ജയിച്ച് 12 പോയിന്റുമായി അൽ നസ്ർ ഗ്രൂപ്പ് ഇ യിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. നാലിൽ ഒരു സമനിലയും മൂന്ന് തോൽവിയുമുള്ള അൽ ദുഹൈൽ ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.