റിയാദ്: റിയാദ് സീസൺ കപ്പ് കിരീടം അൽ ഹിലാലിന്. ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസ്റിനെ ഏകപക്ഷീയമായ രണ്ടുഗോളിനാണ് (2-0) കീഴടക്കിയത്. കിങ് ഫഹദ് സ്പോട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.
17ാം മിനിറ്റിൽ മിലിങ്കോവിച് സാവിചാണ് ആദ്യ ഗോൾ നേടിയത്. 30ാം മിനിറ്റിൽ സലീം അൽ ദൗസരിയിലൂടെ അൽ ഹിലാൽ ലീഡ് ഇരട്ടിയാക്കി (2-0). രണ്ടു ഗോൾ പിന്നിലായ അൽ നസ്ർ മറുപടി ഗോളിനായി അവസാന നിമിഷം വരെ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു.
സൗഹൃദ ഫുട്ബാൾ ടൂര്‍ണമെന്റായ റിയാദ് സീസൺ കപ്പിൽ മൂന്ന് ടീമുകളാണ് മാറ്റുരച്ചത്. അമേരിക്കയിൽ നിന്നുള്ള സാക്ഷാൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിയും സൗദി പ്രൊ ലീഗ് കരുത്തരായ അൽ ഹിലാലും അൽ നസ്റും. രണ്ടു സൗദി ക്ലബുകളോടും ദയനീയമായി പരാജയപ്പെട്ടാണ് മെസ്സിയും സംഘവും മടങ്ങിയത്.
ആദ്യ മത്സരത്തിൽ 4-3ന് അൽ ഹിലാലിനോട് തോറ്റ ഇന്റർ മയാമി രണ്ടാം മത്സരത്തിൽ അൽ നസ്റിനോട് 6-0ത്തിനാണ് തോറ്റത്. മെസ്സിയും റൊണാൾഡോയും നേർക്കു നേർ വരുന്ന പോരാട്ടം എന്ന നിലയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ മത്സരത്തിൽ റൊണാൾഡോ പരിക്കുമൂലം ഇറങ്ങിയിരുന്നില്ല. കളിയുടെ അവസാന നിമിഷം മെസ്സി കളത്തിലിറങ്ങിയെങ്കിലും വൻതോൽവിയോടെ മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.