റിയാദ്: എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കരുത്തർ തമ്മിലുള്ള പോരാട്ടത്തിൽ സൗദി ക്ലബായ അൽ നസ്റിന് ത്രസിപ്പിക്കുന്ന ജയം. ഖത്തർ സ്റ്റാർസ് ലീഗ് ചാമ്പ്യന്മാരായ അൽ ദുഹൈലിനെ മൂന്നിനെതിരെ നാലുഗോളുകൾക്കാണ്(4-3) അൽ നസ്ർ കീഴടക്കിയത്.
കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിലാണ് അൽ നസ്ർ ജയിച്ചുകയറിയത്. അൽ നസ്റിന് വേണ്ടി ആൻഡേഴ്സൺ ടലിസ്ക, സാദിയോ മാനേ എന്നിവർ ഒരോഗോൾ വീതം നേടി. അൽ ദുഹൈലിന് വേണ്ടി ഇസ്മയിൽ മുഹമ്മദ്, അൽമോയസ് അലി, മിഖായേൽ ഒലൂങ്ക എന്നിവരാണ് ഗോൾ കണ്ടെത്തിയത്.
25ാം മിനിറ്റിൽ ടെലിസ്കയിലൂടെ അൽ നസ്ർ ആണ് ആദ്യ ലീഡെടുക്കുന്നത്. ബോക്സിനകത്തേക്ക് നീട്ടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസിൽ ബ്രസീലിയൻ താരം ടെലിസ്ക ലക്ഷ്യം കാണുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോൾ മാത്രമുണ്ടായിരുന്ന സ്കോർ ബോർഡിൽ രണ്ടാം പകുതിയിൽ എത്തിയത് ആറ് ഗോളുകളാണ്. 56ാം മിനിറ്റിൽ സാദിയോ മാനേയിലൂെട അൽ നസ്ർ ലീഡ് ഇരട്ടിയാക്കുകയായിരുന്നു (2-0).
61 ാം മിനിറ്റിലായിരുന്നു ഇതിഹാസതാരത്തിന്റെ മാന്ത്രിക ഗോൾ പിറക്കുന്നത്. ബോക്സിന് പുറത്ത് നിന്ന് തൊടുത്തുവിട്ട ഇടങ്കാലൻ സ്ട്രൈക്ക് ദുഹൈൽ ഗോൾകീപ്പർ സകറിയയെ മറികടന്ന് വലയിലെത്തി(3-0). മൂന്ന് ഗോളിന്റെ ലീഡുമായി വ്യക്തമായ ആധിപത്യം നേടിയ അൽ നസ്റിനെ സമ്മർദ്ദത്തിലാക്കി ദുഹൈലിന്റെ രണ്ട് ഗോളെത്തി. 63 ാം മിനിറ്റിൽ ഇസ്മയിൽ മുഹമ്മദും 67ാം മിനിറ്റിൽ അൽമോയസ് അലിയുമാണ് ദുഹൈലിന്റെ മറുപടിഗോൾ നേടിയത്. ഒരു ഗോളിന്റെ നേരിയ എഡ്ജിൽ കളി പുരോഗമിക്കവെ ക്രസ്റ്റ്യാനോ വീണ്ടും രക്ഷകനായി.
81ാം മിനിറ്റിൽ ബോക്സിന്റെ വലതുമൂലയിലേക്ക് അൽ സുലൈഹീം നൽകിയ ലോങ് ക്രോസിൽ കൃത്യമായ ഇടങ്കാലൻ വോളിയിലൂടെ റൊണാൾഡോ വലയിലെത്തിക്കുകയായിരുന്നു(4-2). 85ാം മിനിറ്റിൽ മിഖയേൽ ഒലൂങ്കയിലൂടെ ഒരു ഗോൾ കൂടെ ദുഹൈൽ നേടിയെങ്കിലും കളിതിരിച്ചുപിടിക്കാനായില്ല.
ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്ഘട്ട പോരാട്ടത്തിൽ മൂന്നിൽ മൂന്നും ജയിച്ച് ഒമ്പത് പോയിന്റുമായ ഗ്രൂപ്പ് ഇ ഒന്നാമതാണ് അൽ നസ്ർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.