റിയാദ്: തകർപ്പൻ ജയത്തോടെ അൽ നസ്ർ കിങ്സ് കപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു. അൽ ഷബാബിനെ അവരുടെ തട്ടകത്തിൽ 5-2 ന് തോൽപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും അവസാന നാലിലെത്തിയത്.
17ാം മിനിറ്റിൽ സീക്കോ ഫെഫാനയാണ് ആദ്യ ഗോൾ കണ്ടെത്തിയത്. പെനാൽറ്റി ബോക്സിൽ നിന്നുള്ള സാദിയോ മാനെയുടെ ഷോട്ട് ഷബാബ് തടഞ്ഞിട്ടെങ്കിലും പന്ത് ചെന്നെത്തിയത് ഫെഫാനയുടെ കാലിലേക്കാണ്. ഫെഫാന പഴുതുകളില്ലാതെ വലയിലെത്തിച്ചു. എന്നാൽ 24ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ ഷബാബിന്റെ ബ്രസീലിയൻ സ്ട്രൈക്കർ കാർലോസ് മനോഹരമായി ഹെഡ് ചെയ്ത് വലയിലെത്തിച്ചതോടെ സ്കോർ തുല്യമായി (1-1).
നാല് മിനിറ്റിനകം ഒരു കൗണ്ടർ അറ്റാക്കിനായ പന്തുമായി കുതിച്ച സെർജിയോ മാനേ ബോക്സിനരികിൽ ഒട്ടാവിയോക്ക് പന്ത് നീട്ടിനൽകി റിട്ടേൺ വാങ്ങിയ മാനെ മിന്നൽ വേഗത്തിൽ വലയിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ അൽ നസ്ർ വീണ്ടും ലീഡ് വർധിപ്പിച്ചു. ബോക്സിന്റെ ഇടതുവിങ്ങിൽ നിന്നും ബ്രെസോവിച്ച് നൽകിയ പാസ് അബ്ദുറഹിമാൻ ഗരീബിന് ഫിനിഷ് ചെയ്യാൻ മാത്രമേയുണ്ടായുള്ളൂ (3-1).
രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച അൽ നസ്റിന് വേണ്ടി 74ാം മിനിറ്റിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ കണ്ടെത്തുന്നത്. ബോക്സിെന്റ ഇടതു മൂലയിൽ നിന്ന് ഒട്ടാവിയോക്ക് പന്ത് കൈമാറി ഷബാബിന്റെ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ മുന്നോട്ട് വന്ന റൊണാൾഡോ തിരികെ പന്ത് സ്വീകരിച്ച് അനായാസം ഫിനിഷ് ചെയ്തു. ഈ വർഷം റൊണാൾഡോ നേടുന്ന 50ാമത്തെ ഗോൾ കൂടെയായിരുന്നു അത്.
90ാം മിനിറ്റിൽ ഹട്ടൻ ബഹേബ്രിയിലൂടെ ഷബാബ് രണ്ടാം ഗോൾ നേടിയെങ്കിലും കളിതീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ അൽ നസ്ർ മുഹമ്മദ് മാരനിലൂടെ അഞ്ചാം ഗോൾ നേടിയതോടെ ആധികാരികമായി തന്നെ അവർ കിങ്സ് കപ്പ് സെമിയിലെത്തി. ക്വാർട്ടറിൽ മറ്റൊരു മത്സരത്തിൽ അൽ താവൗനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് അൽ ഹിലാലും സെമിയിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.