റിയാദ്: സൗദി പ്രോ ലീഗിൽ സമനിലയിൽ കുടുങ്ങിയതിന് പിന്നാലെ രോഷപ്രകടനത്തിലൂടെ വീണ്ടും വിവാദത്തിലകപ്പെട്ട് അൽനസ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ അൽഖലീജിനെതിരായ മത്സരത്തിന് ശേഷം സെൽഫിയെടുക്കാൻ എത്തിയ അൽഖലീജ് സ്റ്റാഫിനെ ക്രിസ്റ്റ്യാനോ പിടിച്ചുതള്ളുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സൗദി പ്രോലീഗിൽ മത്സരിക്കുന്ന 16 ടീമുകളിൽ 14ാം സ്ഥാനത്തുള്ള അൽഖലീജിനോടാണ് അൽനസ്‌ർ 1-1ന് സമനിലയിൽ കുടുങ്ങിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. മത്സരശേഷം ഖലീജ് ടീമംഗങ്ങൾ ക്രിസ്റ്റ്യാനോക്ക് കൈകൊടുക്കുകയും ഒരാൾക്ക് ജഴ്‌സി ഊരിനൽകുകയും ചെയ്തു. ഇതിനിടയിലാണ് ഖലീജ് സ്റ്റാഫ് അംഗം സെൽഫിയെടുക്കാൻ എത്തിയത്. എന്നാൽ, ഇയാളെ ക്രിസ്റ്റ്യാനോ തള്ളിമാറ്റുകയും ഉടൻ ഗ്രൗണ്ട് വിടുകയുമായിരുന്നു.
അൽറാഇദിനെതിരായ കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി നിഷേധിച്ചതിനെ തുടർന്ന് ക്രിസ്റ്റ്യാനോ രോഷാകുലനായതും വിവാദമായിരുന്നു. റാഇദ് താരത്തിന്റെ ടാക്ലിങ്ങിൽ ക്രിസ്റ്റ്യാനോ ബോക്‌സിൽ വീണെങ്കിലും റഫറി പെനാൽറ്റി അനുവദിക്കാത്തതാണ് താരത്തെ പ്രകോപിപ്പിച്ചത്. മാർച്ചിൽ അൽഇത്തിഹാദിനെതിരെ അൽനസ്ർ പരാജയപ്പെട്ട ശേഷം വെള്ളക്കുപ്പിൾ ചവിട്ടിത്തെറിപ്പിച്ച് രോഷം തീർത്തതും ഏറെ ചർച്ചയായിരുന്നു.
പോയന്റ് പട്ടികയിൽ അൽഇത്തിഹാദിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് അൽനസ്ർ. മേയ് 16ന് അൽതാഇക്കെതിരെയാണ് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.