പണമൊഴുകുന്ന ഇംഗ്ലീഷ് ലീഗുകളിൽ ഒരിക്കലും സംഭവിക്കരുതാത്ത കാഴ്ചകളാൽ സമ്പന്നമായിരുന്നു ബുധനാഴ്ച ലിവർപൂൾ- വുൾവ്സ് പോരാട്ടം. പ്രിമിയർ ലീഗിൽ എല്ലാം കൈവിട്ട് കോച്ചിന്റെ തൊപ്പി തെറിക്കുന്നിടത്തുവരെ എത്തിനിൽക്കുന്ന ലിവർപൂൾ ഒരു ജയം പിടിക്കാൻ ഇറങ്ങിയ എഫ്.എ കപ്പിലായിരുന്നു രസകരമായ സംഭവങ്ങൾ.
വുൾവ്സിനായി വലതുവിങ്ങിൽ പറന്നുകയറിയ അദമ ട്രവോർ എതിർ പോസ്റ്റിനടുത്ത് ഗോൾലക്ഷ്യമാക്കി പന്ത് ക്രോസ് ചെയ്യാൻ നിൽക്കെ വൈദ്യുതി മുടങ്ങിയതായിരുന്നു ആദ്യത്തേത്. എങ്ങോട്ടുനൽകുമെന്നുറപ്പില്ലാതെ പെനാൽറ്റി ബോക്സിലേക്ക് നീട്ടിഅടിച്ച പന്ത് ആരോ തട്ടി പുറത്തുപോയി. മൈതാനത്ത് താരത്തിന്റെ കൗതുകംവിടാത്ത ഇരിപ്പ് സമൂഹ മാധ്യമങ്ങളിൽ കാഴ്ച വിരുന്നായി. പന്ത് ആര് തൊട്ടുവെന്നറിയാൻ ‘വാർ’ പോലും പണി മുടക്കിയതിൽ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി. വൈദ്യുതി മുടങ്ങിയത് ലിവർപൂളിനെ രക്ഷിക്കാനായിരുന്നോ എന്നും ചോദ്യമുയർന്നു. അവസാന പ്രമിയർ ലീഗ് മത്സരത്തിൽ ബ്രൈറ്റണെതിരെ കാൽഡസൻ ഗോളുകൾ വഴങ്ങി വൻതോൽവി ചോദിച്ചുവാങ്ങിയ ചെമ്പടയുടെ നിലവിലെ പ്രകടനം അത്രശുഭകരമല്ലാത്തത് ആരാധകരെ ചൊടിപ്പിച്ചതിനിടെയാണ് വൈദ്യുതി മുടക്കവും.
അതിനിടെ, മത്സര കമന്ററിക്കിടെ അശ്ലീല ശബ്ദം പശ്ചാത്തലത്തിൽ കയറിവന്നതും കല്ലുകടിയായി. സെക്കൻഡുകൾ നീണ്ടുനിന്ന സംഭവത്തിൽ സംപ്രേഷകരായ ബി.ബി.സി മാപ്പുചോദിച്ചെങ്കിലും ആരാധകർ കടുത്ത എതിർപ്പ് അറിയിച്ചു. ചിലർ ഇതിനെ തമാശയായും കണ്ടു. എന്നാൽ, ഇരു സംഭവങ്ങളും ഒരേ കളിയിൽ നടന്നത് നടക്കാൻ പാടില്ലാത്തതാണെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്.
വുൾവ്സ് മൈതാനത്തു നടന്ന മത്സരത്തിൽ ഹാർവി എലിയട്ടിന്റെ സോളോ ഗോളിൽ ലിവർപൂൾ ജയിച്ചു. നീണ്ട ഇടവേളക്കു ശേഷം ആദ്യമായാണ് സ്വന്തം പോസ്റ്റിൽ ഗോൾവീഴാതെ ടീം ജയംപിടിക്കുന്നത്. കളത്തിലെ നിയന്ത്രണത്തിലും പാസുകളിലെ കൃത്യതയിലും മുതൽ എല്ലാ മേഖലയിലും വുൾവ്സ് ആധിപത്യം കണ്ട കളിയിലായിരുന്നു ക്ലോപിനു തത്കാല രക്ഷ നൽകിയ ജയം. സമീപകാലത്ത് ലിവർപൂൾ തുടരുന്ന മോശം പ്രകടനം പ്രിമിയർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് സ്വപ്നം കാണൽ പോലും സാധ്യമല്ലാത്തിടത്തെത്തിച്ചിട്ടുണ്ട് കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.