റിയോ ഡി ജനീറോ: തന്റെ ആഡംബര ഭവനത്തിൽ നിയമം ലംഘിച്ച് കൃത്രിമ തടാകം നിർമിച്ച ബ്രസീൽ ഫുട്ബാൾ സൂപ്പർ താരം നെയ്മർക്ക് വൻതുക പിഴ. മംഗറാരാത്തിബ ടൗൺ കൗൺസിലാണ് 3.3 ദശലക്ഷം ഡോളർ (ഏകദേശം 27 കോടി രൂപ) പിഴയിട്ടത്. റിയോ ഡി ജനീറോയിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള വീട്ടിലാണ് തടാകം ഒരുക്കിയത്. പാരിസ്ഥിതിക നിയമം ലംഘിച്ച് നിർമാണ പ്രവൃത്തികൾ നടത്തൽ, അനുമതിയില്ലാതെ നദിയിലെ വെള്ളം വഴിതിരിച്ചുവിടൽ, അനുമതി കൂടാതെ മണ്ണ് നീക്കൽ, സസ്യങ്ങൾ നശിപ്പിക്കൽ തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.
നടപടിക്കെതിരെ അപ്പീൽ നൽകാൻ നെയ്മർക്ക് 20 ദിവസത്തെ സാവകാശമുണ്ട്. ജൂൺ 22നാണ് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം ആരോപിച്ച് അധികൃതർക്ക് പരാതി ലഭിക്കുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ജോലികൾ നിർത്തിവെപ്പിച്ചു.
2016ലാണ് നെയ്മർ മംഗരാത്തിബയിലെ ആഡംബര ഭവനം സ്വന്തമാക്കിയത്. 107000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഇവിടെ ഹെലിപാഡ്, ജിം, സ്പാ തുടങ്ങിയവയെല്ലാമുണ്ടെന്ന് ബ്രസീൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വലതു കണങ്കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ പി.എസ്.ജി താരം ഇപ്പോൾ വിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.