ഈസ്റ്റ് ബംഗാളിനെതിരെ പകരക്കാരനായിറങ്ങി ഇരട്ട ഗോൾ നേടി കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്വല വിജയം സമ്മാനിച്ച ഇവാൻ കലിയൂഷ്‌നിയെ പ്രശംസയിൽ മൂടി കോച്ച് ഇവാൻ വുകുമനോവിച്ച്. ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) സീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് വംഗനാട്ടുകാരെ തറപറ്റിച്ചത്.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച്, പകരക്കാരനായി ഇറങ്ങിയ ശേഷം രണ്ട് മികച്ച ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്‌സിന്റെ ഉക്രേനിയൻ മിഡ്ഫീൽഡറെയും കൊച്ചിയിലെ കാണികളെയും പ്രശംസിച്ചത്.
"ഞങ്ങൾ ഈ വർഷം നിലവാരമുള്ള ചില പുതിയ കളിക്കാരുമായി കരാറിൽ ഒപ്പുവെച്ചു. ഇവാൻ കലിയൂഷ്നിയെക്കുറിച്ച് പറയുകയാണെങ്കിൽ, അവനെ പോലൊരു മിഡ്ഫീൽഡർ കഴിഞ്ഞ വർഷം ഞങ്ങൾക്ക് ഇല്ലായിരുന്നെന്ന് ഞാൻ കരുതുന്നു. ഈ അധിക ആയുധം പല സാഹചര്യങ്ങളിലും ഉപയോഗിക്കാം. അദ്ദേഹം ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന മികച്ച സാങ്കേതികത്തികവുള്ള കളിക്കാരനാണ് അദ്ദേഹം".
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിറഞ്ഞ പിന്തുണക്ക് നന്ദി അറിയിച്ച് വുകോമനോവിച്ച് പറഞ്ഞു, "തീർച്ചയായും, അത് വളരെ വലിയ സഹായമായിരുന്നു. ഇത് വിലമതിക്കാനാവാത്തതാണ്. നിങ്ങളുടെ ഇത്തരത്തിലുള്ള പിന്തുണ പ്രചോദനമാണ്. എവേ ടീമുകളെ ഇത് ശരിക്കും ഭയപ്പെടുത്തും.
മത്സര ഫലത്തിലും മൂന്ന് പോയന്റുകൾ ലഭിച്ചതിലും ഞങ്ങൾ സന്തോഷവാന്മാരാണ്. കാരണം കുറച്ച് സമയത്തിന് ശേഷം ആദ്യമായാണ് ഞങ്ങൾ വിജയത്തോടെ ആരംഭിക്കുന്നത്. എന്നാൽ, ഞങ്ങൾ ഒരിക്കലും പ്രയത്നം അവസാനിപ്പിക്കില്ല. പോരായ്മകൾ താരങ്ങളുമായി സംസാരിച്ച് തിരുത്തും'' അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്‌ടോബർ 16ന് എ.ടി.കെ മോഹൻ ബഗാനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.