ബ്വേനസ് എയ്റിസ്: അർജന്റീനയുടെ ‘വിശ്വസ്തനായ മാലാഖ’ ഒടുവിൽ പടിയിറങ്ങുന്നു. 2024 കോപ അമേരിക്ക ടൂർണന്റോടെ ദേശീയ ടീമിൽനിന്ന് വിരമിക്കുമെന്ന് ആപദ്ഘട്ടങ്ങളിൽ ആൽബിസെലെസ്റ്റയുടെ രക്ഷകനായി അവതരിക്കാറുള്ള ഡി മരിയ വ്യക്തമാക്കി. കോപ അമേരിക്കയോടെ അർജന്റീന ജഴ്സിയോട് വിട പറയുമെന്ന് ഡി മരിയ നേരത്തേ സൂചന നൽകിയിരുന്നു.
‘അടുത്ത വർഷം കോപ അമരിക്കയോടെ അത് അവസാനിക്കും. ദേശീയ ടീമിനൊപ്പം എന്റെ അവസാന ടൂർണമെന്റായിരിക്കും അത്’ -ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബെൻഫിക്ക താരം പറഞ്ഞു. 35കാരനായ ഡി മരിയ 134 മത്സരങ്ങളിൽ അർജന്റീനക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ടീമിനൊപ്പം 2022 ലോകകപ്പ്, 2021 കോപ അമേരിക്ക ടൂർണമെന്റ് വിജയങ്ങളിലും പങ്കാളിയായി. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനും കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനുമെതിരെ ഗോൾ നേടി അർജന്റീനയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇവ ഉൾപ്പെടെ ദേശീയ ടീമിനുവേണ്ടി 29 ഗോളുകൾ നേടിയിട്ടുണ്ട്.
കളത്തിലും പുറത്തും ഇതിഹാസ താരം ലയണൽ മെസ്സിയുമായി ഏറെ പാരസ്പര്യം പുലർത്തുന്ന ഡി മരിയ ക്യാപ്റ്റനെ ഏറെ ആരാധനയോടെയാണ് നോക്കിക്കാണുന്നത്. ‘ലിയോക്കൊപ്പം ഞാൻ എല്ലാം എത്തിപ്പിടിച്ചു. അവനൊപ്പം ക്ലബിൽ ഒന്നിച്ചുകളിച്ചില്ലെന്ന സങ്കടം മാത്രമായിരുന്നു ബാക്കി. പാരിസ് സെന്റ് ജെർമെയ്നിൽ അതും സംഭവിച്ചു. ക്ലബിൽനിന്ന് വിടപറയാൻ നേരം ലിയോയെ കെട്ടിപ്പിടിച്ച് ഞാൻ പറഞ്ഞു- ‘നിന്നോടൊപ്പം ഒരു ക്ലബിൽ ഒന്നിച്ചുകളിക്കാൻ കഴിഞ്ഞുവെന്നതിന് ഏറെ നന്ദിയുണ്ട്. ഓരോ ദിവസവും നിന്നെ കണ്ടുകൊണ്ടിരിക്കാൻ കഴിഞ്ഞത് അത്രയേറെ സന്തോഷമാണ് നൽകിയത്’. ഒരു വർഷം മുഴുവൻ ലിയോയെ കണ്ടിരിക്കാനും ഒപ്പം പരിശീലിക്കാനും അവൻ ചെയ്യുന്നതൊക്കെ കാണാനും കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു അത്’ -ഡി മരിയ ചൂണ്ടിക്കാട്ടി.
‘2014ലെ ലോകകപ്പ് ഫൈനൽ കളിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. 2022ലെ ഫൈനലും എനിക്ക് നഷ്ടമാകുമോ എന്ന് പേടിയുണ്ടായിരുന്നു. ഫൈനലിൽ എന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത ശേഷം ബെഞ്ചിൽ ഞാൻ കരയുകയായിരുന്നു. ഞാൻ ക്ഷീണിച്ചിരുന്നില്ല. തുടർന്നും കളിക്കാൻ കഴിയുമായിരുന്നു എന്ന തോന്നലായിരുന്നു ഉള്ളുനിറയെ. േപ്ലയിങ് ഇലവനിൽ കളിക്കാൻ മിടുക്കുള്ള 18 കളിക്കാരെങ്കിലുമുള്ള എതിരാളികൾക്കെതിരെ മികച്ച മുൻതൂക്കം നേടിയിരുന്നു ഞങ്ങൾ. ‘നമ്മൾ തോൽക്കുകയാണ്’, ‘നമ്മൾ തോൽക്കുകയാണ്’ എന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നു. ആ സമയം തന്നെ, ഞാൻ ഗോളടിച്ച ഫൈനലിലൊന്നും ടീം തോറ്റിട്ടില്ലെന്നതും എന്റെ ചിന്തകളിൽ നിറയുന്നുണ്ടായിരുന്നു. ആ വിശ്വകിരീടം ഞങ്ങളുടേതാകണേ എന്നു പ്രാർഥിക്കുക മാത്രമേ അപ്പോൾ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.’ -ഡി മരിയ മനസ്സു തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.