മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർതോൽവികളും ഫിഫ നടപടികളും കാരണം കടുത്ത പ്രതിസന്ധിയിലായ ഹൈദരാബാദ് എഫ്.സിക്ക് അടുത്ത തിരിച്ചടിയായി പൊലീസ് കേസും. ജംഷഡ്പൂരിൽ എവേ മത്സരങ്ങൾക്ക് പോയപ്പോൾ ടീം താമസിച്ചിരുന്ന ഹോട്ടൽ റമദയുടെ മാനേജ്മെന്റിന്റെ പരാതിയിലാണ് കേസ്. താരങ്ങളുടെ താമസത്തിനായി ടീം ബുക്ക് ചെയ്ത 23 മുറികളുടെ വാടക നൽകിയില്ലെന്നാണ് പരാതി. സംഭവത്തിൽ ഹൈദരാബാദ് എഫ്.സി ടീം സഹഉടമയും നടനുമായ റാണ ദഗ്ഗുബാട്ടി, ടീമുമായി ബന്ധപ്പെട്ട വിജയ് മാധുരി, വരുൺ ത്രിപുരാനേനി, നിതിൻ മോഹൻ, രംഗനാഥ് റെഡ്ഡി, സുരേഷ് ഗോപാൽ കൃഷ്ണ, ആന്റണി തോമസ്, ടി.കെ ബാലാജി എന്നിവര്‍ക്കെതിരെയാണ് ബിസ്തുപൂർ പൊലസ്‍ കേസെടുത്തത്.
ഹൈദരാബാദ് എഫ്.സിയുടെ സഹ ഉടമയാണ് ബാഹുബലി സിനിമയിലെ വില്ലൻ വേഷത്തിലൂടെ തിളങ്ങിയ റാണ ദഗ്ഗുബാട്ടി. ഒക്ടോബര്‍ മൂന്ന് മുതൽ ആറ് വരെയാണ് ടീം ജംഷഡ്പൂരിൽ താമസിച്ചത്. ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകിയ ശേഷമാണ് മുറികൾ ബുക്ക് ചെയ്തത്. ആറിന് രാവിലെ ബാക്കി തുക അടക്കാതെ ടീം അംഗങ്ങള്‍ ഹോട്ടൽ വിട്ടെന്നാണ് പരാതി. ഫോൺ വഴിയും ഇ-മെയിലിലൂടെയും ക്ലബ് അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ഹോട്ടൽ അധികൃതർ പൊലീസിൽ പരാതി നൽകിയത്.
താരങ്ങൾക്കുള്ള പ്രതിഫലം പൂർണമായി നൽകിയില്ലെന്ന പരാതിയിൽ ക്ലബിനെതിരെ അടുത്തിടെ രണ്ടുതവണ ഫിഫ ട്രാൻസ്ഫർ വിലക്കേർപ്പെടുത്തിയിരുന്നു. മുൻ താരങ്ങളായ നെസ്റ്റർ ഗോര്‍ഡിലോ, ബർതലോമ്യു ഓഗ്ബെച്ചെ എന്നിവർക്ക് പ്രതിഫലത്തുക പൂർണമായി ലഭിച്ചിട്ടില്ലെന്നായിരുന്നു പരാതി.
ഐ.എസ്.എൽ പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിലവിൽ ഹൈദരാബാദ് എഫ്.സി. ഒറ്റ ജയം പോലും നേടാനാവാത്ത ടീമിന് നാല് സമനിലയിലൂടെ നേടിയ നാല് പോയന്റ് മാത്രമാണ് സമ്പാദ്യം. പ്രധാന വിദേശ താരങ്ങളുടെ നഷ്ടവും ട്രാൻസ്ഫർ വിലക്കുമാണ് കടുത്ത പ്രതിസന്ധിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.