റിയോ ഡെ ജനീറോ : അർജന്റീനയുടെ സ്വപ്ന നേട്ടങ്ങൾക്ക് ചുക്കാൻപിടിച്ച ലയണൽ സ്കലോനി പരിശീലക സ്ഥാനം ഒഴിയുമെന്ന് സൂചന നൽകി. ലോകകപ്പ് ഫുട്ബാൾ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ബ്രസീലുമായുള്ള മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്കലോനി. മത്സരത്തിൽ 1-0 ന് അർജന്റീന ജയിച്ചിരുന്നു.
"അർജന്റീനക്ക് സാധ്യമായ എല്ലാ ഊർജ്ജവുമുള്ള ഒരു പരിശീലകനെ ആവശ്യമുണ്ട്. കളിക്കാർ പരിശീലകനെന്ന നിലയിൽ നിറഞ്ഞ പിന്തുണ തന്നു. ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്."- സ്കലോണി പറഞ്ഞു.
"ഇത് വിട പറയലോ മറ്റെന്തെങ്കിലുമോ അല്ല, പക്ഷേ എനിക്ക് ചിന്തിക്കേണ്ടതുണ്ട്, കാരണം, നിലവാരം എപ്പോഴും ഉയർന്നു തന്ന നിൽക്കണം, അത് തുടരുന്നത് സങ്കീർണ്ണമാണ്, അതിനാൽ എനിക്ക് കുറച്ച് നേരം അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഞാൻ എഫ്.എ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കും."
2018-ലാണ് ലയണൽ സ്‌കലോനി മാനേജരായി ചുമതലയേൽക്കുന്നത്. അർജന്റീനയുടെ 36 വർഷത്തെ കിരീട വരൾച്ചക്ക് അറുതി വരുത്തി 2022 ഖത്തറിൽ ലോകകപ്പ് കിരീടം ഉയർത്തിയത് സ്കലോനിക്ക് കീഴിലാണ്. മാത്രമല്ല 2021-ൽ അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചതും അദ്ദേഹത്തിന്റെ വരവോടു കൂടിയാണ്.
ഇന്നത്തെ മത്സരത്തിൽ പോലും ബ്രസീലിനെ കീഴടക്കി ലാറ്റിനമേരിക്കയുടെ ലോകകപ്പ് യോഗ്യത റൗണ്ടിൽ പോയിന്റ് നിലയിൽ ഏറ്റവും മുന്നിലുള്ളത് അർജന്റീനയാണ്. അർജന്റീനയെ നല്ലകാലത്തിലേക്ക് നയിച്ച് അവരുടെ നല്ലകാലത്തിൽ തന്നെ പടിയിറങ്ങാനുള്ള സ്കലോനിയുടെ തീരുമാനം ആരാധകരിൽ ഞെട്ടിലുളവാക്കിയിട്ടുണ്ട്.
പരിശീലക സ്ഥാനം ഒഴിയുമെന്ന് ഉറപ്പിക്കാറായില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു പിന്മാറ്റ സൂചന തന്നെയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.