അർജന്റീനക്ക് വീണ്ടും സമനില; ഒളിമ്പിക്സ് യോഗ്യത തുലാസിൽ

കാരക്കസ് (വെനിസ്വല): ലാറ്റിൻ അമേരിക്കൻ മേഖലയിലെ ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ(കോൺമെബോൾ) അർജന്റീനക്ക് വീണ്ടും സമനില. പരാഗ്വെയാണ് അർജന്റീനയെ (3-3) സമനിലയിൽ കുരുക്കിയത്. കഴിഞ്ഞ മത്സരത്തിൽ വെനിസ്വലയോടെ 2-2 സമനില വഴങ്ങിയ അർജന്റീനക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമല്ല.

അടുത്ത മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ചാൽ മാത്രമേ ഒളിമ്പിക് യോഗ്യത നേടാനാകൂ. ഫൈനൽ ഗ്രൂപ്പ് സ്റ്റേജ് പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ബ്രസീലിന് സമനില പിടിച്ചാൽ തന്നെ യോഗ്യത നേടാനാകും. മൂന്ന് പോയിൻറുള്ള ബ്രസീലിന് പിറകിൽ രണ്ടു പോയിന്റുമായി മൂന്നാമതാണ് അർജന്റീന.

പരാഗ്വെക്കെതിരായ മത്സരത്തിൽ മൂന്നാം മിനിറ്റിൽ പാബ്ലോ സോളാരിയിലൂടെ അർജന്റീനയാണ് ആദ്യ ലീഡെടുക്കുന്നത്. ഒരു ഗോളിന് പിന്നിൽ നിന്ന പരാഗ്വെ 42ാം മിനിറ്റിലും 70 മിനിറ്റിലും ഗോൾ നേടി മുന്നിലെത്തി. 84ാം മിനിറ്റിൽ അർജന്റീനക്ക് അനുകൂലമായി തിയാഗോ അൽമഡ പെനാൽറ്റി ഗോളാക്കിയതോടെ വീണ്ടും സ്കോർ തുല്യമായി.

എന്നാൽ 90ാം മിനിറ്റിൽ എൻസോ ഗോൺസാലസിലൂടെ മൂന്നാമത്തെ ഗോളും കണ്ടെത്തി പരാഗ്വെ മുന്നിലെത്തി. പരാജയമുറപ്പിച്ച അർജന്റീയുടെ രക്ഷകാനായി ഫെഡറിക്കോ റെഡോണ്ടോ കളിതീരാൻ മിനിറ്റുകൾ ശേഷിക്കെ വലകുലുക്കിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ജയത്തോടെ ഫൈനൽ ഗ്രൂപ്പ് സ്റ്റേജിൽ നാല് പോയിന്റുമായി പരാഗ്വെ മുന്നിലെത്തി.

Tags:    
News Summary - Argentina draw again; Chances of Olympic qualification faded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.