കുട്ടികളുടെ കാൻസർ ആശുപത്രിക്ക് എമിലിയാനോ മാർട്ടിനെസിന്‍റെ കൈത്താങ്ങ്; ലോകകപ്പിലെ ഗ്ലൗവ് ലേലത്തിൽ വിറ്റു

കുട്ടികളുടെ കാൻസർ ആശുപത്രിയെ സഹായിക്കാനായി ഖത്തർ ലോകകപ്പിൽ ധരിച്ച ഗ്ലൗവുകൾ ലേലം ചെയ്ത് അർജന്‍റൈൻ സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനെസ്. ഫൈനലിൽ ഫ്രാൻസിനെതിരെ പെനാൽട്ടി ഷൂട്ടൗട്ടിൽ താരം കൈയിലിട്ട ഗ്ലൗവാണ് ലേലത്തിനു വെച്ചത്.

വെള്ളിയാഴ്ച ഓൺലൈനിലൂടെയാണ് ലേല നടപടികൾ നടന്നത്. പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല താരമായ മാർട്ടിനെസ് ക്ലബ് ആസ്ഥാനത്ത് വെച്ച് വിഡിയോ ലിങ്ക് വഴി ലേല നടപടികളും ഭാഗമായി. 36.8 ലക്ഷം രൂപക്കാണ് ഒടുവിൽ ഗ്ലൗവ് വിറ്റുപോയത്. അർജന്‍റീനയിലെ കുട്ടികളുടെ പ്രധാന ആശുപത്രികളിലൊന്നായ ഗ്രഹാൻ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തെ സഹായിക്കാനായിരുന്നു ലേലം.

ഫൈനലിൽ നിശ്ചിത സമയത്തും അധിക സമയത്തും അർജന്‍റീനയും ഫ്രാൻസും 3-3 എന്ന സ്കോറിൽ പിരഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മാർട്ടിനെസിന്‍റെ തകർപ്പൻ സേവുകളുടെ കരുത്തിൽ 4-2 എന്ന സ്കോറിനായിരുന്നു മെസ്സിയുടെ നേതൃത്വത്തിൽ അർജന്‍റീന നീണ്ട വർഷങ്ങളുടെ ഇടവേളക്കുശേഷം വിശ്വകിരീടം വീണ്ടും കൈയിലെടുത്തത്.

‘ലോകകപ്പ് ഗ്ലൗവ് സമ്മാനിക്കാൻ അവർ എനിക്ക് നൽകിയ അവസരം ഒരു മടിയും കൂടാതെയാണ് സ്വീകരിച്ചത്. ഇത് കുട്ടികളുടെ നല്ലകാര്യത്തിനുവേണ്ടിയാണ്’ -മാർട്ടിനെസ് പറഞ്ഞു. തന്‍റെ കൈയൊപ്പോടു കൂടിയാണ് താരം ഗ്ലൗവ് ലേലത്തിനായി കൈമാറിയത്. ഖത്തർ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗവും താരത്തിനാണ് ലഭിച്ചത്.

Tags:    
News Summary - Argentina Goalie Emiliano Martinez Auctions World Cup Gloves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.