''കപ്പടിക്കാന്‍ അവരോളം പോന്നവരില്ല, നാല് ടീമുകള്‍ക്ക് സാധ്യത'' അര്‍ജന്റീന താരത്തിന്റെ ലോകകപ്പ് വിലയിരുത്തല്‍ ഇങ്ങനെ

കോപ അമേരിക്കയും ഫൈനലിസിമയും ഉയര്‍ത്തിയ അര്‍ജന്റീന ടീമിന്റെ നെടുന്തൂണുകളില്‍ ഒരാളാണ് ലിയാന്‍ഡ്രോ പരെഡെസ്. ലയണൽ മെസ്സിയെയും എയ്ഞ്ചൽ ഡി മരിയയെയും വിളക്കിച്ചേര്‍ക്കുന്ന പാസുകള്‍ ഉദ്ഭവിക്കുന്നത് ഈ പി.എസ്.ജി താരത്തിന്റെ കാലില്‍ നിന്നാണ്. അര്‍ജന്റീന മധ്യനിരയിലെ ക്ഷീണമറിയാത്ത പോരാളിയായ പരെഡെസിന്റെ പ്രധാന ദൗത്യം എതിര്‍ ടീമിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ പഠിച്ചെടുക്കലാണ്. മത്സരം പുരോഗമിക്കുമ്പോള്‍ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി തന്റെ പെപ് ടോക്ക് നടത്തുക പരെഡെസിന്റെ ചെവിയിലാകും. മത്സരം ഭംഗിയായി റീഡ് ചെയ്യുന്ന ഈ താരത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഡ്രസിങ് റൂമില്‍ വലിയ സ്വാധീനമുണ്ട്.

27 വയസ്സുള്ള ഈ മധ്യനിര താരത്തോട് അര്‍ജന്റീനയല്ലാതെ ലോകകപ്പിലെ നാല് ഫേവറിറ്റുകളെ പറ്റി ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ: ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍. യുവേഫ നാഷന്‍സ് ലീഗില്‍നിന്ന് പുറത്തായെങ്കിലും ഫ്രാന്‍സ് തന്നെയാണ് കപ്പുയര്‍ത്താന്‍ ഏറ്റവും സാധ്യതയുള്ള ടീം. ബ്രസീലും ഇംഗ്ലണ്ടും സ്‌പെയിനും നന്നായി കളിക്കുന്നുണ്ട്. ജര്‍മനിയും കപ്പെടുക്കാന്‍ ഗംഭീര പോരാട്ടം കാഴ്ചവെക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

അര്‍ജന്റീനയുടേത് ലോകത്തെ ഏറ്റവും മികച്ച നിരയാണ്. ആ ടീമില്‍ ഭാഗമായതിലുള്ള ആഹ്ലാദം മറച്ചുവെക്കാനാകില്ല പരെഡെസിന്. മെസ്സിക്കൊപ്പം ലോകക്കപ്പ് ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി താരം. രണ്ട് തവണ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഇത്തവണ കോപ അമേരിക്ക ചാമ്പ്യന്മാരായത് ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചാണ്. ഫൈനലിസിമയില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ നിഷ്പ്രഭമാക്കാനും ആല്‍ബിസെലെസ്റ്റക്ക് കഴിഞ്ഞു. പരാജയമറിയാതെ 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌കലോണിയുടെ ടീം ഖത്തറിലെ ഫേവറിറ്റാണ്.

ബ്രസീലിന് ശേഷം ലോകക്കപ്പ് നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമാവുകയാണ് ഫ്രാന്‍സിന്റെ ലക്ഷ്യം. 1962ലായിരുന്നു മഞ്ഞപ്പട തുടരെ ചാമ്പ്യന്മാരായത്. നെയ്മറും മാര്‍ക്വിഞ്ഞോസും ഫാബീഞ്ഞോയും റിചാര്‍ലിസനും ഉള്‍പ്പെടുന്ന ബ്രസീലും താരസമ്പന്നമാണ്.

Tags:    
News Summary - Argentina midfielder Paredes assess World Cup champion teams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.