ലാറ്റിനമേരിക്കയിൽ നിന്ന് ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി അർജന്റീന മാറി. ഇന്ന് പുലർച്ചെ ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന യോഗ്യത റൗണ്ട് മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു. എന്നാൽ ചിലെ ഇക്വഡോറിനോട് രണ്ടുഗോളിന് തോറ്റതോടെ അർജന്റീനക്ക് യോഗ്യത ഉറപ്പിക്കാനായി.ഇതോടെ ഇക്വഡോർ ലോകകപ്പ് യോഗ്യതക്ക് ഒരുപടികൂടി അടുത്തു.
ഇത് തുടർച്ചയായി 13ാം തവണയാണ് അർജന്റീന ലോകകപ്പ് ബെർത്തുറപ്പിക്കുന്നത്. 1970-ൽ മെക്സിക്കോയിൽ നടന്ന ഫൈനൽ റൗണ്ടിലായിരുന്നു അർജന്റീനക്ക് ഇടംപിടിക്കാനാകാതെ പോയത്.
പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാർ വൻകര പ്ലേഓഫ് കളിച്ച് വേണം ഖത്തറിലേക്ക് ടിക്കറ്റുറപ്പിക്കാൻ.
13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ബ്രസീലാണ് മേഖലയിൽ ഒന്നാമത്. 29 പോയിന്റുമായി അർജന്റീന രണ്ടാമതാണ്. 14മത്സരങ്ങളിൽ നിന്ന് 23പോയിന്റുമായി ഇക്വഡോർ മൂന്നാം സ്ഥാനത്തും 14 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി കൊളംബിയ നാലാം സ്ഥാനത്തുമാണ്. 17 പോയിന്റുമായി പെറു അഞ്ചാം സ്ഥാനത്തുണ്ട്. നാലു മത്സരങ്ങൾ ശേഷിക്കേയാണ് അർജന്റീന യോഗ്യത സ്വന്തമാക്കിയത്.
തുടർച്ചയായി 27ാം മത്സരമാണ് അർജന്റീന അപരാജിതരായി പൂർത്തിയാക്കിയത്. സൂപ്പർ താരം നെയ്മറില്ലാതെയാണ് ബ്രസീൽ അർജന്റീനക്കെതിരെ ഇറങ്ങിയത്. തുടയെല്ലിന് പരിക്കേറ്റതിനാലാണ് നെയ്മർ മത്സരത്തിൽ നിന്ന് വിട്ടു നിന്നത്. അർജന്റീനയുടെ പൗളോ ഡിബാലയും കളിച്ചില്ല.
അവസാന നിമിഷങ്ങളിൽ ഗോളിനായി ലയണൽ മെസി കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. 41 ഫൗളുകളാണ് കളിയിലുണ്ടായത്. ഏഴ് മഞ്ഞക്കാർഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.