ആതിഥേയരായ അർജന്റീന അണ്ടർ20 ലോകകപ്പിൽനിന്ന് പുറത്ത്. ഏകപക്ഷീയമായ രണ്ടു ഗോളിന് നൈജീരിയയോടാണ് ആറു തവണ ചാമ്പ്യന്മാരായ അർജന്‍റീന ഞെട്ടിക്കുന്ന തോൽവി വഴങ്ങിയത്. ജയത്തോടെ നൈജീരിയ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
രണ്ടാം പകുതിയില്‍ പിറന്ന രണ്ട് ഗോളുകളാണ് ഹാവിയന്‍ മഷറാനോ പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ ക്വാർട്ടറിലേക്കുള്ള വഴിമുടക്കിയത്. മത്സരത്തിന്‍റെ 61ാം മിനിറ്റിൽ ഇബ്രാഹിം ബെജി മുഹമ്മദും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ റിൽവാനു സാർകിയുമാണ് നൈജീരിയക്കായി ഗോളുകൾ നേടിയത്. അർജന്റീനിയൻ ആരാധകർ തിങ്ങിനിറഞ്ഞ സാൻ ജ്യുവൻ സ്റ്റേഡിയത്തിൽ പന്തടക്കത്തിലും ഷോട്ടുകളിലും ടീം ബഹുദൂരം മുന്നിൽനിന്നെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല.
ഇമ്മാനുവൽ ഉമേയുടെ തകർപ്പൻ പാസിൽനിന്നായിരുന്നു ഇബ്രാഹിമിന്‍റെ ഗോൾ. ഗോൾകീപ്പർ ഫെഡറിക്കോ ഗെർത്ത് ഗോമസ് ഈസമയം കാഴ്ചക്കാരന്‍റെ റോളിലായിരുന്നു. പകരക്കാരനായി വന്ന ഹാലിരു സാർക്കിയാണ് രണ്ടാം ഗോൾ നേടിയത്. ആതിഥേയ രാജ്യം എന്ന നിലക്കാണ് അര്‍ജന്റീന കളിക്കാനെത്തിയത്. ലോകകപ്പ് ഇന്തോനേഷ്യയിൽനിന്ന് അർജന്റീനയിലേക്ക് മാറ്റിയതോടെയാണ് ആതിഥേയരായി കളിക്കാൻ അവർ യോഗ്യത നേടിയത്.
ബ്രസീൽ, ഇറ്റലി, കൊളംബിയ ടീമുകൾ നേരത്തെ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. എകഡ്വോർ-ദക്ഷിണ കൊറിയ മത്സരത്തിലെ വിജയികളെയാണ് നൈജീരിയ ക്വാർട്ടറിൽ നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.